കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം മരണപ്പെട്ട ദളിത് യുവാവ് ടി.സി ബെെജുവിൻെറ കുടുംബത്തിന് നീതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോളേജ് ഓഫീസ് മാർച്ച് നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച മാർച്ച് മാതൃശിശു സംരക്ഷണകേന്ദ്രത്തിനു മുൻപിൽ പൊലീസ് തടഞ്ഞു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, അന്വേഷണ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുക,പൊലീസ് അന്വേഷണം ദ്രുതഗതിയിലാക്കുക,ബെെജുവിൻെറ ഭാര്യക്ക് ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നനയിച്ചാണ് മാർച്ച് നടത്തിയത്.

പിത്താശയത്തിലെ കല്ല് നീക്കംചെയ്യൽ ശസ്ത്രക്രിയയെ തുടർന്നാണ് ചേമഞ്ചേരി തുവ്വക്കോട് കൊയമ്പുറത്ത് താഴകനി വീട്ടിൽ ടി.സി. ബൈജു (38) മരിക്കാനിടയായത്. കഴിഞ്ഞ ഏപ്രിൽ ഒമ്പതിനായിരുന്നു ബൈജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. 13ന് നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പിത്തസഞ്ചി പൂർണമായും നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് പിത്തനാളിയിൽനിന്ന് പിത്തരസം അടിവയറ്റിൽ പരന്നൊഴുകി അണബാധയ്ക്ക് കാരണമായി എന്നാണ് പോസ്റ്റു മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിലിയറി പെരിറ്റോനിറ്റിസ് എന്ന അവസ്ഥയാണ് മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ശസ്ത്രക്രിയയിൽ അപാകതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഡി.സി.സി. പ്രസിഡണ്ട് ടി. സിദ്ധിഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജയ് ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സെക്രട്ടറി എം ധനേഷ് ലാൽ ,മോഹനൻ നമ്പാട്ട് , ഫറോക്ക് പൂക്കാട് എന്നിവർ സംസാരിച്ചു.