ഫറോക്ക്: ​മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം ബഷീർ വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വർഷം​. പതിവ് പോലെ ഇന്നും വൈകീട്ട് 5 ന് സാംസ്കാരിക കേരളം ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ ഒത്തു ചേരുന്ന സാംസ്കാരിക സംഗമത്തിൽ പ്രമുഖർ പങ്കെടുക്കും . ബഷീറിന്റെ ഓർമ്മയ്ക്കായി സ്മൃതി വനം ഒരുക്കാനുള്ള പദ്ധതി ഇന്ന് തുടക്കം കുറിക്കും. വൈലാലിലെ മണ്ണിൽ 25 ഫല വൃക്ഷങ്ങൾ നട്ടുകൊണ്ടാണ് തുടക്കം. എം.ടി വാസുദേവൻ നായർ​ മുഖാതിഥിയാവും. സിനിമാ സംവിധായകനും നടനുമായ മധുപാൽ ബഷീർ സ്മാരക പ്രഭാഷണം ​നടത്തും ​.ബഷീറിന്റെ കുടുംബം തന്നെയാണ് പച്ചത്തുരുത്ത് ​എന്ന ആശയം മുന്നോട്ടു വെച്ചത്. ​ബഷീർ ഓർമ്മയായിട്ട് 25 വർഷം കഴിഞ്ഞെങ്കിലും സർക്കാർ വാഗ്ദാനം ചെയ്തസ്മാരകം ഇനിയും ആയില്ല. ​​ ​

എഴുത്തിന്റെ സുൽത്താന്റെ ഇഷ്ടഗാനങ്ങൾ പെയ്തിറങ്ങി

ഫറോക്ക്: എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇഷ്ടഗാനങ്ങൾ പെയ്തിറങ്ങി. ചാലിയം ഗവ: ഫിഷറീസ് എൽ.പി സ്‌കൂളിലാണ് ബഷീറിന് ഇഷ്ടപ്പെട്ട ഗാനങ്ങളും ബഷീർ എഴുതിയ ബാല്യകാല സഖി ഉൾപ്പെടെയുള്ള സിനിമകളിലെ ഗാനങ്ങളും ആലപിച്ചാണ് ബഷീറിന്റെ സ്‌മരണകൾ ഉണർത്തിയത്. സ്കൂൾ പൂർവ്വ വിദ്യാർഥിയും നിരവധി ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്ത അജ്മൽ ചാലിയമാണ് ബഷീറിന്റെ ഇഷ്ടഗാനവുമായ് വേദിയിലെത്തിയത്. എം.എൻ കാരശ്ശേരി എഴുതിയ ബഷീർ മാലയും അജ്മൽ പാടി. ബഷീറിനെക്കുറിച്ച് ആൽബം തയ്യാറാക്കുന്ന ഒരുക്കത്തിലാണ് അജ്മൽ. സ്കൂളിൽ മൂന്നാംക്ലാസിൽ പഠിക്കുന്ന കാലത്താണ് പാഠപുസ്തകത്തിലൂടെ ബഷീറിനെക്കുറിച്ച് അറിഞ്ഞതെന്നും അജ്മൽ പറഞ്ഞു. കോഴിക്കോട്‌ ബ്ലോക്ക് പഞ്ചായത്തഗം എൻ.കെ ബിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ ടി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉമ്പിച്ചി ഹാജി ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ വി. സൈതലവി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എ.അബ്ദുൾ റഹീം ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. തന്റെ കുട്ടിക്കാലത്ത് ബഷീറിനെ നേരിൽ കണ്ട അനുഭവങ്ങളും ബഷീറുമായി നേരിട്ട് സംസാരിച്ചതും കുട്ടികളോട് പങ്കുവെച്ചു. അംഗനവാടി വർക്കർഎ.കെ സിന്ധു ബഷീർ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണം നടത്തി. അദ്ധ്യാപകരായ ടി.എൻ. ഷാരോൺ, എൻ. സുനില, എം.അർഷ, വി.ഡാലിയ എന്നിവർ പ്രസംഗിച്ചു. ​