കുറ്റ്യാടി : നാല് ഭാഗങ്ങളിൽ നിന്നായി കുറ്റ്യാടി കവലയിൽ എത്തി ചേരുന്ന റോഡിലെ കുഴികൾ കാൽ നായാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുകയാണ്. കുറ്റ്യാടിയുടെ ഹൃദയഭാഗത്ത് നിന്ന് നാദാപുരം ഭാഗത്തേക്കുള്ള പാതയുടെ ഇടത് വശത്താണ് ഒരടിയോളം താഴ്ചയിലുള്ള കുഴികൾ .

മഴക്കാലമായതിനാൽ വെള്ളം ഒഴുകി കുഴികളിൽ നിറഞ്ഞിരിക്കുന്നതിനാൽ വാഹനയാത്രക്കാർ യാദൃച്ഛികമായി വെള്ളം നിറഞ്ഞ കുഴികളിലേക്ക് ചെന്ന് ചാടുകയാണ്. ആയിരക്കണക്കിന്ന് വാഹനങ്ങൾ കടന്നു പോകുന്ന ഈ വഴികൾ നിരവധി ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണു അപകടത്തിൽപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം ഈ വഴി കടന്നു പോയ സ്ത്രീ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കുഴിയിൽ വീണ് റോഡിൽ തെറിച്ചു വീണു. എതിർദിശയിൽ നിന്ന് വന്നിരുന്ന വാഹനത്തിന്റെ ടയറിനരികിൽ നിന്നും തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപെട്ടത്. റോഡിനടിയിലൂടെ കടന്ന് പോവുന്ന വാട്ടർ അതോറട്ടറിയുടെ പൈപ്പ് ലൈനുകൾക്ക് ചോർച്ച അനുഭവപെട്ടപ്പോൾ റോഡിൽ കുഴി എടുക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് ശേഷം കൃത്യമായ രീതിയിൽ പണി മുഴുമിക്കാതിരുന്നതിനാലുമാണ് റോഡ് കുഴിയായത്.

തുടർന്ന് മഴ പെയ്തപ്പോൾ കുഴികൾ വലുതാവുകയായിരുന്നു. ബന്ധപ്പെട്ട അധികാരികൾ ശക്തമായ രീതിയിൽ റോഡിൽ കരിങ്കല്ലുകൾ പാകി ടാറിംങ്ങ് നടത്താൻ അനുമതി നൽകിയാൽ മാത്രമേ ഈ ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കാൻ പറ്റുകയുള്ളു .