വടകര: സംസ്ഥാനത്ത് ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തപ്പെട്ട 504 സ്ഥാപനങ്ങളിലേക്ക് പ്രഖ്യാപിച്ച 1000 തസ്തികകളിൽ ആരോഗ്യമേഖലയിലെ പ്രധാന വിഭാഗമായ ഫാർമസിസ്റ്റുകളെ പൂർണ്ണമായി അവഗണിച്ചതിൽ കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിന്റെ ഭാഗമായി വടകര ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. 400 ഡോക്ടർമാരെയും, 400 നഴ്സുമാരെയും 200 ലാബ് ടെക്നീഷ്യൻ മാരെയും നിയമിക്കാൻ തീരുമാനിച്ചപ്പോൾ ഫാർമസിസ്റ്റുകളെ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കയാണ്. സർക്കാർ ആശുപത്രിയിൽ ഇപ്പോൾ തന്നെ മരുന്നുവിതരണത്തിന്ന് ആവശ്യത്തിനുള്ള ഫാർമസിസ്റ്റുകൾ ഇല്ല എന്നതാണ് അവസ്ഥ. ഫാർമസിസ്റ്റിന്ന് പകരം മറ്റൊരു വിഭാഗത്തിന്ന് ഫാർമസി ഉത്തരവാദിത്വം ഏൽപിക്കാനുള്ള ശ്രമം പാർശ്വവത്കരണവും ,നിയമ ലംഘനവും, കോടതി അലക്ഷ്യവുമാണ്. മരുന്നുവിതരണം ഫാർമസിസ്റ്റ്മാരിലൂടെ മാത്രമേ ഉണ്ടാകാവൂ എന്ന് ഫാർമസി - ഔഷധ നിയമങ്ങളും നിഷ്കർഷിക്കുന്നു. കേരള ഹൈക്കോടതിയും മരുന്നുകൾ കൈകാര്യം ചെയ്യേണ്ടത് ഫാർമസിസ്റ്റുകൾ ആണ് എന്നുള്ള വിധി പ്രസ്താവനയും നടത്തിയിട്ടുണ്ട്. ഇതിനിടയിലും നടക്കുന്ന ഔഷധ നിയമ ലംഘനത്തിനെതിരെ വരും ദിനങ്ങളിൽ സിക്രട്ടറിയേറ്റ് മാർച്ച്, പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അസോസിയേഷൻ അറിയിച്ചു. മാർച്ചിന്ന് ഐ മണി, രമ്യാ പ്രശാന്ത്, എ.പി സുനിൽ കുമാർ, സനൽ മണിയൂർ, ആർ.അർജുൻ, എ.കെ.സ്മിത, എൻ.ശരണ്യ എന്നിവർ നേതൃത്വം നൽകി വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണയിൽ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജയൻ കോറോത്ത്, മഹമൂദ് മൂടാടി, എം. ഷറിൻകുമാർ, എന്നിവർ സംസാരിച്ചു.