ബാലുശ്ശേരി: അജീഷിന്റെ മരണം എരമംഗലം കുന്നക്കൊടിക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാട്ടിലെ എല്ലാവർക്കും വേണ്ടപ്പെട്ട പരോപകാരിയായിരുന്നു അജീഷ് . അവസാനം അജീഷിന്റെ മരണവും ഒരു കുടുംബത്തിന് സഹായം ചെയ്യുന്നതിനിടയിലായിരുന്നു.

ഏത് റിസ്ക്ക് ഉള്ള ജോലിയും ഏറ്റെടുത്ത് മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതമായിരുന്നു അജീഷിന്റേത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അയൽവാസിയായ മേലേടത്ത് സൗമിനിയുടെ വീട്ടിൽ കിണർ നന്നാക്കാനായി സൗമിനിയുടെ മകൻ പ്രജോഷ്,പങ്ങിനിമലയിൽ കൃഷ്ണൻകുട്ടി എന്നിവരോടൊപ്പമാണ് പ്രവൃത്തിയിൽ ഏർപ്പെട്ടത്. കിണറിൽ ഇറങ്ങിയത് അജീഷായിരുന്നു. വൃത്തിയാക്കി കൊണ്ടിരിക്കേ മുകളിൽ നിന്നും മണ്ണ് ഇടിഞ്ഞു വീഴുന്നത് കണ്ട് അജീഷ് മുകളിലേക്ക് കയറുകയായിരുന്നു.

പുറത്ത് എത്താറായപ്പോഴാണ് കല്ല് തലയിൽ വീണ് കിണറിലേക്ക് തന്നെ വീണത്. ഫയർ ഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്ഷിക്കാനായില്ല. കോൺക്രീറ്റ് പണിക്കാരനായ അജീഷ് ഇന്നലെ പണിക്ക് പോയിരുന്നില്ല. കോക്കല്ലൂർ സ്കൂളിൽ പഠിക്കുന്ന മകൻ അനന്തു കഷ്ണന്റെ പഠന കാര്യങ്ങൾ അന്വേഷിക്കാനായി ലീവെടുത്തതായിരുന്നു. അതിനു ശേഷം ഭാര്യയെ അശുപത്രിയിൽ കാണിച്ച് തിരിച്ചുവന്ന ശേഷമാണ് ഉച്ചയോടെ കിണർ വൃത്തിയാക്കാൻ പോയത്.

കിണറ്റിൽ നിന്നും എന്നെ രക്ഷിച്ചത്

അജീഷായിരുന്നു

അജീഷ് ഇല്ലായിരുന്നെങ്കിൽ എട്ടു കൊല്ലം മുമ്പ് ഞാൻ ഈ ലോകത്തോട് വിട പറയുമായിരുന്നു. ഇടറിയ സ്വരത്തിൽ മോക്കോളശ്ശേരി ബാലകൃഷ്ണൻ പറയുന്നു.

അയൽവാസിയുടെ കിണറ്റിൽ ഓല വീണപ്പോൾ എടുക്കാൻ ഇറങ്ങിയതായിരുന്നു ഞാൻ. കിണറിലെത്തിയതോടെ ശ്വാസം കിട്ടാതെ ഞാൻ വിഷമിക്കുകയായിരുന്നു.കയറിൽ പിടിച്ച് അല്പം കയറുമ്പോഴേക്കും കാലും കൈയും കുഴഞ്ഞു വീണു. മരണം മുന്നിൽ കണ്ട നിമിഷം. അപ്പോഴാണ് രക്ഷകന്റെ റോളിൽ അതിസാഹസികമായി ശ്വാസം കൃത്യമായി കിട്ടാത്ത കിണറിൽ ഇറങ്ങി അവനെന്നെ രക്ഷിച്ചത്. ഇത് പറയുമ്പോഴേക്കും ബാലകൃഷ്ണന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

ഈ കിണറിൽ ഇത് രണ്ടാമത്തെ മരണം

ഇന്നലെ മേലേടത്ത് അജീഷ് കുമാർ മരിച്ച കിണറിൽ മുമ്പ് മേലേടത്ത് സൗമിനിയുടെ ഭർത്താവും വീണ് മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ അജീഷിന്റെ വരുമാനം കൊണ്ടാണ് ഈ കുടുംബം പുലർന്നു പോന്നത്. അജീഷിന്റെ ഭാര്യ ഡിസ്ക്കിന് വേദന കാരണം ചികിത്സയിലാണ്. അതു കൊണ്ട് വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞായിരുന്നു അജീഷ് ജോലിക്ക് പോയിരുന്നത്.അജീഷിന്റെ മരണത്തോടെ ഈ കുടുംബം എല്ലാ അർത്ഥത്തിലും തളർന്നിരിക്കുകയാണ്.