ഗതാഗത കുരുക്ക് അഴിയാതെ എകരൂൽ - ഇയ്യാട് റോഡ്

ബാലുശ്ശേരി: എകരൂൽ - ഇയ്യാട് റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം മുടങ്ങിയിട്ട് അഞ്ചാം ദിവസത്തിലേക്ക് നീളുന്നു . കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതോടെ എകരൂൽ അങ്ങാടിയിലെ ദേശീയ ആയുർവ്വേദ ഫാർമസിയുടെ കടയുടെ വരാന്തയ്ക്ക് വിള്ളൽ വീണിട്ടുണ്ട്. ഇതിനുു തൊട്ടടുത്താണ് എ.ആർ.ഡി. 100 പൊതുവിതരണ കേന്ദ്രവും.

കുടിവെള്ള ക്ഷാമം ഗുരുതരമായി നേരിടുകയും റോഡാകെ പൊട്ടിപൊളിഞ്ഞു കിടന്നിട്ടും ഇന്നലെ യാതൊരു പ്രവൃത്തിയും ചെയ്യാൻ വാട്ടർ അതോറിറ്റി ചെയതിട്ടില്ല. ഗതാഗത കുരുക്കും കൂടി വരുന്നു. മൊകായിക്കൽ കൂടി വെള്ളള പദ്ധതിയുടെ പൈപ്പാണ് കഴിഞ്ഞ ബുധനാഴ്ച വീണ്ടുംപൊട്ടിയത്. ആദ്യം തിങ്കളാഴ്ച രാവിലെയാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പൊട്ടിയ ആസ്ബറ്റോസ്പൈപ്പുകൾ മാറ്റുകയും വീണ്ടും അതേ തരത്തിലുള്ള പൈപ്പുകൾ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്ഥാപിക്കുകയും വോൾട്ടേജ് ക്ഷാമം കാരണം ട്രയൽ റൺ നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അതിരാവിലെ തന്നെ ട്രയൽ റൺ നടത്തുകയും 9.30 ഓടെ 10 മീറ്റർ അകലെ റോയൽ ഹോസ്പിറ്റലിനു മുൻവശം വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു . ഈ ഭാഗത്തെ പൈപ്പുകളാണ് രണ്ട് ദിവസം പിന്നിട്ടിട്ടും മാറ്റാതെ കിടക്കുന്നത്. എകരൂൽ -ഇയ്യാട് - വീര്യമ്പ്രം റോഡ് തകർന്നതു മാത്രമല്ല കഴിഞ്ഞ 4ദിവസങ്ങളായി എസ്റ്റേറ്റ് മുക്ക്, എകരൂൽ, പരപ്പിൽ, ഇയ്യാട്, വള്ളിയോത്ത്, ഉളിങ്കുന്ന്, കപ്പുറം ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഇന്ന് വീണ്ടും പൈപ്പ് മാറ്റിയിടുന്ന പ്രവൃത്തി നടക്കുകയാണങ്കിൽ ഇന്നും കുടിവെള്ളം മുടങ്ങും. തുടർച്ചയായി അഞ്ചാം ദിവസമായിരിക്കും കുടിവെള്ളം മുടങ്ങുന്നത്.

ഇപ്പോൾ പൊട്ടിയ പൈപ്പുകൾ 25 ഓളം വർഷം പഴക്കമുള്ളതും വെള്ളം നിന്ന് ഗുണനിലവാരം കുറഞ്ഞതുമാണ്. ഇത്തരം പൈപ്പുകൾ വള്ളിയോത്ത് വരേ നീണ്ടു കിടക്കുന്നതിനാൽ പൊട്ടിയ ഭാഗത്ത് പൈപ്പുകൾ ഇട്ടാലും വെള്ളത്തിന്റെ സമർദ്ദം വരുമ്പോൾ മറ്റു ഭാഗത്തും പൊട്ടാൻ സാദ്ധ്യതയേറെയാണ്.

എകരൂൽ മുതൽ വള്ളിയോത്ത് വരേയുള്ള ഭാഗത്ത് ഡി.ഐ (ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുന്ന പൈപ്പ്) പൈപ്പ് ഉപയോഗിച്ചാലെ ശാശ്വതമായൊരു പരിഹാരം കാണൂ. നിലവിൽ എകരൂൽ വരെ ഡി.ഐ.പൈപ്പുകളാണ് ഇപ്പോൾ ഉപയോഗിച്ചിട്ടുള്ളത്. എകരൂൽ ഇയ്യാട് റോഡിൽ ഇത്തരം പൈപ്പുകൾ ഉപയോഗിക്കണമെങ്കിൽ പി.ഡബ്ലിയു.ഡി.യുടെ അനുവാദം വേണം എന്നതാണ് ഇതിന് തടസ്സമായി നില്കുന്നത്.

മഴ വളരേ കുറവായതിനാൽ പ്രദേശത്തെ കിണറുകളിൽ വെള്ളവും കുറവാണ്. പൈപ്പ് ലൈൻ പൊട്ടിയതോടെ നാല് ദിവസമായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ. ഇനിയും ജനങ്ങളുടെ ക്ഷമ പരിശോധിക്കാൻ നില്കുുന്നത് അത്ര ഗുണകരമായിരിക്കില്ല.