കോഴിക്കോട്: സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കി ഉയർത്തിയ കേന്ദ്ര ബഡ്ജറ്റ് തീരുമാനം കള്ളക്കടത്ത് വർദ്ധിക്കാൻ ഇടയാക്കുമെന്നും ക്രിമിനൽ സംഘങ്ങൾ തഴച്ചു വളരുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പത്രസമ്മേളനത്തിൽ പറഞ്ഞു. അയൽ രാജ്യങ്ങളിലും സിംഗപ്പൂർ, മലേഷ്യ, ഗൾഫ്,​ യു.കെ., അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും സ്വർണത്തിന് ഇറക്കുമതി ചുങ്കമില്ല. അതുകൊണ്ട്,​ ഇവിടങ്ങളിൽ നിന്നെല്ലാം ഇന്ത്യയിലേക്ക് സ്വർണ കള്ളക്കടത്ത് വർദ്ധിക്കും.

ഇത് നേരായ മാർഗത്തിലൂടെ സ്വർണ വ്യാപാരം നടത്തുന്നവരെയാണ് ബാധിക്കുക. സ്വർണമേഖലയിൽ പ്രവർത്തിക്കുന്ന 60 ലക്ഷത്തോളം പേർക്കും ഇതു തിരിച്ചടിയാകും. വിമാനയാത്രക്കാരിൽ നിന്ന് സ്വർണം പിടിക്കാൻ മാത്രമെ സംവിധാനമുള്ളൂ. കടൽവഴി ധാരാളം കള്ളക്കടത്ത് സ്വർണമെത്തുന്നുണ്ട്. ഇതിന് മാഫിയകൾ തന്നെയുണ്ട്. ചുങ്കം കൂടിയതോടെ,​ സ്വർണം ഗ്രാമിന് 80 രൂപയോളം വർദ്ധിക്കും. സർക്കാർ പ്രഖ്യാപനം വന്ന ഉടൻ തന്നെ 40 രൂപയോളം വർദ്ധിച്ചു.

രണ്ടുവർഷം കൊണ്ട് സ്വർണാഭരണങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റോണിന്റെ ഇറക്കുമതിയിൽ വൻ വർദ്ധന ഉണ്ടായപ്പോൾ ആനുപാതിക വർദ്ധന സ്വർണ ഇറക്കുമതിയിൽ ഉണ്ടായിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് സ്വർണ കള്ളക്കടത്ത് വർദ്ധിച്ചുവെന്നാണ്. ഇത് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. ചുങ്കം വർദ്ധിപ്പിച്ച തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലബാർ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വർദ്ധിപ്പിച്ച ചുങ്കം

പിൻവലിക്കണമെന്ന്

എ.കെ.ജി.എസ്.എം.എ

സ്വർണത്തിന് ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി ഉടൻ പിൻവലിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കള്ളക്കടത്തുകാർ നിലവിൽ കിലോയ്ക്ക് നാലുലക്ഷം രൂപവരെ ലാഭമുണ്ടാക്കുന്നുണ്ട്. ചുങ്കം കൂടിയതിനാൽ,​ ഇവരുടെ ലാഭം അഞ്ചുലക്ഷം രൂപയായി ഉയരും. കള്ളക്കടത്ത് മാഫിയകളും വർദ്ധിക്കും. ചുങ്കം കൂട്ടിയതിലൂടെ,​ നികുതിയില്ലാതെ സ്വർണം വാങ്ങാൻ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുകയാണ്.

വർദ്ധിപ്പിച്ച ചുങ്കം മാത്രമല്ല,​ പത്തു ശതമാനം ചുങ്കവും എടുത്തു കളയണമെന്ന് അസോസിയേഷൻ ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്രിക് കൗൺസിൽ ദേശീയ ഡയറക്‌ടറുമായ എസ്. അബ്‌ദുൾ നാസർ ആവശ്യപ്പെട്ടു.