കോഴിക്കോട് : നിപ സമയത്ത് പേടിമൂലം എല്ലാവരും മാറി നിന്നപ്പോൾ ധെെര്യമായി മാസ്ക്കും കെെയുറകളും അണിഞ്ഞ് അണുബാധ നിയന്ത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ആളാണ് കോഴിക്കോട്ടുകാരിയായ സിസ്റ്റർ എൻ.ശോഭന. 4 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അണുബാധ നിയന്ത്രണത്തിൻെറ ഹെഡ് നഴ്സായി പ്രവർത്തിച്ചു വരുകയാണ്. ഇത്തവണത്തെ ദേശീയ അവാർഡ് ശോഭനയ്ക്കാണ്.
"നമ്മുടെ വിചാരങ്ങളും ചിന്തകളും വാക്കിലൊതുങ്ങരുത് .അവ പ്രവൃത്തിയായി മാറുമ്പോഴേ ഫലം വരുകയുള്ളൂ" ഫ്ലോറൻസ് നെെറ്റിംഗേലിൻെറ ഈ വാക്കുകൾ അതേ പടി പിൻതുടരുന്ന ആളാണ്. അതിനുള്ള അംഗീകാരമായാണ് നെെറ്റിംഗേലിന്റെ പേരിലുള്ള കേന്ദ്ര സർക്കാർ നഴ്സസ് അവാർഡ് ഇൗ കോഴിക്കോട്ടുകാരിയെ തേടിയെത്തിയത്. ആശുപത്രിയിലെത്തുന്ന രോഗികൾ മറ്റൊരു രോഗവുമായി മടങ്ങിപ്പോകരുത്.പരിമിതമായ സൗകര്യങ്ങളിലും ആശുപത്രി അണുവിമുക്തമാക്കേണ്ടതുണ്ട്.
അതിലായിരുന്നു ശ്രദ്ധ.പുതിയ നഴ്സുമാർക്ക് ബോധവൽക്കരണവും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് അണുബാധവരാതെ രോഗിയെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും നൽകി. വാർഡുകളിൽ ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നത്. ഗൗരവമായെടുത്ത് ഭക്ഷണം കഴിക്കാൻ വേറെ സ്ഥലമൊരുക്കുകയും ചെയ്തു.
നേരത്തെ തിരുവനന്തപുരത്തെ റീജിനൽ കാൻസർ സെന്ററിലായിരുന്നു. പഠിക്കുന്ന സമയത്തുതന്നെ നഴ്സിംഗ് പ്രൊഫഷനെ ഉയർത്തിക്കൊണ്ടു വരാൻ ആഗ്രഹിച്ചു. സൂചി കുത്തുന്ന ഒരാൾ മാത്രമല്ല നഴ്സ് എന്ന കാഴ്ചപ്പാടിലേക്ക് സമൂഹത്തെ എത്തിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ജോലിയിൽ പ്രവേശിച്ചാൽ പലരും അറിവ് അപ്ഡേറ്റ് ചെയ്യാറില്ല. എന്നാൽ എം എസ് സി സെെക്കോളജിക്ക് ചേർന്ന് തുടർപഠനത്തിന് ഒരുങ്ങുകയാണ് ഇവർ. നഴ്സുമാർക്കുള്ള തുടർ വിദ്യാഭ്യാസ പരിപാടിയുടെ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ജൂലായ് 12ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി അവാർഡ് സമ്മാനിക്കും.
"ഏതൊരു നഴ്സും ആഗ്രഹിക്കുന്ന പോലെ ഫ്‌ളോറൻസ് നൈറ്റിംഗേലിൻെറ പേരിലുള്ള അവാർഡ് കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ല. ഇതൊരു ടീം വർക്കിൻെറ ഫലമാണ്. ഞാൻ ഒരു സാധാരണ നഴ്സ് മാത്രമാണ് .ആഗ്രഹിച്ചതൊക്കെ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം തന്ന് അതിനു പ്രേരിപ്പിച്ചത് ഇവിടെയുള്ള ഡോക്ടർമാരും നഴ്സുമാരുമൊക്കെയാണ്. ഈ അവാർഡ് എൻെറ ഉത്തരവാദിത്തം കൂട്ടുന്നു "- എൻ ശോഭന