കോഴിക്കോട്: സി.പി.എം പാർട്ടിക്കും നേതാക്കന്മാർക്കും പണം ചുരത്തുന്ന കറവപശുവായി കോഴിക്കോട് കോർപ്പറേഷൻ മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്. അമൃത് പദ്ധതി അഴിമതിക്കെതിരെ യു.ഡി.വൈ.എഫ് നടത്തിയ കോർപ്പറേഷൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമൃത് പദ്ധതി സി.പി.എമ്മിന്റെ മലിനജലകുംഭകോണമാണ്. പദ്ധതിയിൽ സി.പി.എം വിഷം കലർത്തി. പാർട്ടി കൊലപാതകങ്ങൾ വിശുദ്ധ കൊലകളും പാർട്ടി അഴിമതികൾ വിശുദ്ധ അഴിമതിയുമായി മാറ്റുകയാണ് സി.പി.എം. ആ ഗണത്തിൽപ്പെടുത്തി അഴിമതിക്ക് നേതൃത്വം നൽകിയവരെ സംരക്ഷിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കംബോസ്റ്റ് വളം ഉണ്ടാക്കുന്ന മേഖലയിൽ യാതൊരു പരിജ്ഞാനവുമില്ലാത്ത റാം ബയോളജിക്കൽസിനെയാണ് പിണറായി സർക്കാർ ഡി.പി.ആർ തയ്യാറാക്കാൻ ഏൽപ്പിച്ചത്. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ മുൻസിപാലിറ്റിയിലോ പദ്ധതികൾ നടത്തി പരിചയമുള്ള കമ്പിനിക്ക് മാത്രമേ കരാർ നൽകാവൂ എന്ന നിബന്ധനയും ലംഘിച്ചാണ് സി.പി.എം ഇഷ്ടക്കാർക്ക് കരാർ നൽകിയത്. റാം ബയോളജിക്കൽസ് എം.ഡി റീനയുടെ കുടുംബവും എ പ്രദീപ് കുമാർ എം.എൽ.എയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് ഇരുവരുടെയും കുടുംബങ്ങൾ നടത്തിയ ഉല്ലാസയാത്ര ചിത്രങ്ങളിലൂടെ വ്യക്തമാണെന്നും സിദ്ദീഖ് ചൂണ്ടികാട്ടി. ഡി.പി.ആർ തയ്യാറാക്കിയതിന്റെ പേരിൽ 50 ലക്ഷം രൂപ റാം ബയോളജിക്കൽസിന് നൽകിയതിലൂടെ കോർപ്പറേഷൻ മേയറും ഭരണപക്ഷവും നഗ്‌നമായ അഴിമതിയാണ് നടത്തിയത്. ഈ അഴിമതിക്ക് സി.പി.എം കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സൗജിദ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.പി നൗഷീർ, യൂത്ത് കോൺഗ്രസ് ഭാരവാഹിയും കൗൺസിലറുമായ വിദ്യാബാലകൃഷ്ണൻ, കൗൺസിലർ ശരണ്യ, സി.വി ജിതേഷ്, ഷഫ്നാസ് അലി, ഷമീൽ, ആഷിക്ക് ചെലവൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.