വടകര: ദേശീയപാതയില്‍ പെരുവാട്ടുംതാഴ ജംഗ്ഷനിലുള്ള തകരാറിലായ ട്രാഫിക് സിഗ്‌നൽ പ്രവര്‍ത്തനക്ഷമമാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ട്രാഫിക്ക് സിഗ്നല്‍ കണ്ണുചിമ്മിയതോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നസ്ഥിതിയാണുള്ളത്. മഴപെയ്യുന്ന സാഹചര്യത്തില്‍ അപകട സാധ്യത ഏറെയാണെന്ന് ചോറോട് ഗ്രാമപഞ്ചയാത്ത് പ്രസിഡന്‍റ് വിജില അമ്പലത്തില്‍, വികസന സമിതി അംഗം പ്രദീപ്‌ ചോമ്പാല എന്നിവര്‍ വ്യക്തമാക്കി. ഈ കാര്യം സിഗ്നല്‍ നിര്‍മ്മാണം ഏറ്റെടുത്ത കെല്‍ട്രോണിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പ്രവര്‍ത്തനക്ഷമാമാക്കുമെന്ന് സികെ നാണു എംഎല്‍എ യോഗത്തില്‍ പറഞ്ഞു. താലൂക്കിലെ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ്‌കല്‍പ്പിക്കാന്‍ സത്വര നടപടിയെടുക്കണമെന്ന് വികസന സമിതി അംഗം പി സുരേഷ് ബാബു ആവശ്യപ്പെട്ടു. ഈ കാര്യം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചു. നിര്‍ദ്ദിഷ്ട തലശ്ശേരി - മാഹി ബൈപ്പാസിന്റെ നിര്‍മ്മാണത്തെ തുടര്‍ന്ന് അതിന്റെ ഇരുവശത്തുമുള്ളവരുടെ യാത്ര സൗകര്യം നഷ്ടപ്പെടുന്നതായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യുബ്, സമിതിയംഗം പി എം അശോകന്‍ എന്നിവര്‍ പറഞ്ഞു.വടകര സബ്ബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആര്‍ ഡി ഒ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതായി ട്രഷറി വകുപ്പും, മുന്‍സിപ്പല്‍ എഞ്ചിനിയറിംഗ് വിഭാഗവും യോഗത്തെ അറിയിച്ചു. കെട്ടിടത്തിന്റെ പ്ലാന്‍ സംബന്ധിച്ച സാങ്കേതിക തടസ്സമാണ് മാറ്റത്തിന് വിഘാതമായത്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. കുരിയാടി കക്കാട്ട് ഭാഗത്തെ കടല്‍ ഭിത്തി നിര്‍മ്മാണം തുടങ്ങിയതായി ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വെള്ളികുളങ്ങര - ഒഞ്ചിയം റോഡ്‌ പ്രവര്‍ത്തിയിലെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുമതി അധ്യക്ഷത വഹിച്ചു. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന്‍, മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ.എം സതി, സമിതി അംഗങ്ങളായ ടി വി ബാലകൃഷ്ണന്‍, പി. സുരേഷ്ബാബു, പ്രദീപ് ചോമ്പാല പി എം അശോകന്‍, ഭൂരേഖ തഹസില്‍ദാര്‍ കെ. കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.