വടകര: നിര്‍ദ്ദിഷ്ട തലശ്ശേരി -മാഹി ബൈപ്പാസ്‌ നിർമ്മാണത്തിൻറെ ഭാഗമായി അഴിയൂരിൽ വ്യാപാരസ്ഥാപനങ്ങൾ നഷ്ടമാവുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പാക്കാതെ കുടിയോഴിപ്പിക്കുന്നതായി പരാതി. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് മുതല്‍ അണ്ടിക്കമ്പനി വരെയുള്ള ഭാഗത്തെ കച്ചവടക്കരെയാണ് കുടിയൊഴിപ്പിക്കാന്‍ റവന്യു അധികൃതര്‍ ഉത്തരവ് ഇറക്കിയത്. പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമാണ് സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി വരുന്നത്. ഇതില്‍ വ്യാപാരികള്‍ക്കും, ജോലി ചെയ്യുന്നവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് അട്ടിമറിച്ചാണ് കുടിയൊഴിപ്പിക്കുന്നത് എന്ന പരാതിയാണ് ഉയരുന്നത്. നഷ്ടപരിഹാരത്തിനായി റവന്യു അധികൃതരെ സമീപിച്ചപ്പോള്‍, ഞങ്ങള്‍ നിസ്സാഹായരാണെന്നും, നിങ്ങള്‍ കോടതിയെ സമീപിച്ചോളൂ എന്ന മറുപടിയാണ് ലഭിച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്നവര്‍ പെരുവഴിയിലാകുമ്പോള്‍ വ്യാപാരി സംഘടനകള്‍ മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. തലശ്ശേരി- മാഹി ബൈപ്പാസില്‍ സ്ഥലമെടുപ്പ് കക്കടവ് മുതല്‍ എക്സൈസ് ചെക്ക് പോസ്റ്റ് വരെ പൂര്‍ത്തിയായി. തുടര്‍ന്ന് റോഡ്‌ നിര്‍മ്മാണ ജോലികള്‍ ദ്രുതഗതിയില്‍ പൂർത്തിയായി വരികയാണ്. രണ്ടാംഘട്ട സ്ഥലമെടുപ്പാണ് അണ്ടിക്കമ്പനിവരെ നടന്നുവരുന്നത്. വ്യാപാരികളെ നിയമ പോരാട്ടത്തിലും, സമരത്തിലും തള്ളിവിടാതെ നഷ്ടപരിഹാരവും, പുനരധിവാസവും മുന്‍‌കൂര്‍ പ്രഖ്യാപിച്ചു നല്‍കണമെന്ന് കര്‍മ്മസമിതി അഴിയൂര്‍ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൊയ്തു അഴിയൂർ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ്‌ ചോമ്പാല, എ.ടി മഹേഷ്‌, കെ ഫിറോസ്‌, പി സുരേഷ് എന്നിവര്‍ സംസാരിച്ചു.