auto

മാനന്തവാടി: ആദിവാസി യുവതിയുടെ വിലാസത്തിൽ മറ്റൊരാൾക്ക് ഓട്ടോറിക്ഷ നൽകിയ സംഭവത്തിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഇടപെട്ടു. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും, സബ്ബ് ജഡ്ജുമായ കെ.പി സുനിത സ്വമേധയാ പരാതിയായി സ്വീകരിച്ച് എതിർകക്ഷിയായ മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറോട് ജൂലെ 17ന് നേരിട്ട് ഹാജരാകാൻ നോട്ടീസ് അയയ്ക്കുന്നതിന് ഉത്തരവിട്ടു.

2014 15 വർഷത്തിൽ മുൻ മന്ത്രി പി.കെ ജയലക്ഷ്മിയുടെ പട്ടികവർഗ്ഗ യുവതികൾക്ക് സൗജന്യ ഓട്ടോറിക്ഷ നൽകുന്ന പദ്ധതി പ്രകാരം പയ്യമ്പള്ളി സ്വദേശിനിയായ സുനിതയ്ക്കാണ് ഗീതയുടെ വിലാസത്തിൽ ഓട്ടോറിക്ഷ നൽകിയത്.

ആദ്യം ഗീത ഓട്ടോയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും കണ്ണിന് കാഴ്ച കുറവുള്ളതിനാൽ ഓട്ടോ തനിക്ക് വേണ്ടെന്ന് എഴുതിനൽകുകയായിരുന്നു.

നാല് വർഷങ്ങൾക്ക് ശേഷം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയ ഈ ഓട്ടോറിക്ഷയുടെ പേപ്പറുകൾ പരിശോധിച്ച് നോട്ടീസ് അയക്കുകയായിരുന്നു. നോട്ടീസ് കൈപ്പറ്റിയപ്പോൾ മാത്രമാണ് ഗീത തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. തുടർന്ന് ആർടിഒ ഓഫീസിലും,ട്രൈബൽ ഓഫീസിലും പോയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഗീത പറഞ്ഞിരുന്നു. ഇത് വാർത്തയായതോടെയാണ് ഇപ്പോഴത്തെ നടപടി.