മുക്കം: പഞ്ചായത്തിന്റെ നിർദ്ദേശം ലംഘിച്ച്കോളനിയിലെ താമസക്കാർ കെട്ടിയടച്ച റോഡ് തുറക്കാൻ പഞ്ചായത്തധികൃതർ നടത്തിയ ശ്രമം കോളനിവാസികൾ തടഞ്ഞു. കാരശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ തടപ്പറമ്പ് കോളനിയിലാണ് പൊലീസ് സംരക്ഷണത്തോടെ ചെന്ന പഞ്ചായത്ത് സെക്രട്ടറിയെയും മറ്റും കോളനിവാസികൾ തടഞ്ഞത്. കോളനിയിലൂടെ പോകുന്ന റോഡ് പുറത്തേയ്ക്ക് കടക്കുന്നിടത്താണ് പഞ്ചായത്തിന്റെ നിർദ്ദേശം അവഗണിച്ച് കല്ലുവച്ച് കെട്ടി മാർഗതടസ്സം സൃഷ്ടിച്ചത്. തടസ്സം നീക്കാൻ പഞ്ചായത്ത് രേഖാമൂലവും അല്ലാതെയും നൽകിയ നിർദ്ദേശങ്ങളൊന്നും പാലിക്കാതെ വന്നപ്പോളാണ് പഞ്ചായത്ത് സെക്രട്ടറി പൊലീസിന്റെ സഹായത്തോടെ മതിൽ പൊളിച്ചു മാറ്റാൻ എത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ സെക്രട്ടറിയെയും പൊലീസിനെയും സ്ത്രീകളടക്കമുള്ള കോളനിവാസികളാണ് തടഞ്ഞത്. പഞ്ചായത്ത് നൽകിയ നാലു സെന്റ് വീതമുള്ള സ്ഥലമാണ് കോളനിക്കാർക്കുള്ളത്. ഇതിന്റെ ഇടയിലൂടെയാണ് റോഡ്. ഇത് രണ്ടു വർഷം മുമ്പാണ് പഞ്ചായത്ത് ടാർ ചെയ്ത് നന്നാക്കിയത്. ആ റോഡ് കോളനിയിൽ നിന്ന് പുറത്തേയ്ക്ക് നീട്ടുന്നതിനെയാണ് കോളനിക്കാർ തടസ്സപ്പെടുത്തിയത്. പഞ്ചായത്തിന്റെ തീരുമാനപ്രകാരം സ്ഥലത്തെത്തിയ സെക്രട്ടറി വൈ .പി മുഹമ്മദ് അഷ്റഫ് ,മുക്കം പൊലീസ് സബ് ഇൻസ്പക്ടർ കെ. സാജിദ് എന്നിവർ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ തിരിച്ചു പോകുകയായിരുന്നു.