കോഴിക്കോട്: മോട്ടോർ വാഹനവകുപ്പ് ജില്ലയിൽ ഒറ്റ രാത്രിയിൽ നടത്തിയ പരിശോധനയിൽ 381 നിയമലംഘനങ്ങൾ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒമ്പത് മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെയായിരുന്നു പരിശോധന.
അപകടങ്ങൾക്കിടയാക്കുന്ന തീവ്രത കൂടിയ ലൈറ്റുകൾ ഉപയോഗിച്ച വാഹനങ്ങളെയും അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങളെയുമാണ് പരിശോധിച്ചത്.
ഇത്തരത്തിൽ നിയമലംഘനം നടത്തിയ 168 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് എടുത്തത്. കൂടാതെ മറ്റ് നിയമലംഘനങ്ങളിലും കേസ് രജിസ്റ്റർ ചെയ്തു. 253300 രൂപ പിഴതുകയായി ഈടാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 13 വിഭാഗങ്ങളായി തിരിഞ്ഞ് 44 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം നടത്തിയ വാഹനപരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ നടപടി. മഴയായതോടെ സംസ്ഥാനത്ത് വാഹനാപകടങ്ങൾ അടിക്കടി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. തീവ്രത കൂടിയ വിവിധ തരത്തിലുള്ള ലൈറ്റുകൾ ഘടിപ്പിച്ച് വാഹനമോടിക്കുന്നതാണ് അപകടങ്ങൾ വർദ്ധിക്കാനുള്ള മുഖ്യ കാരണമായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. കൂടാതെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള ബസുകളിൽ യാത്രക്കാരുടെ ലിസ്റ്റ് സൂക്ഷിക്കണമെന്ന നിബന്ധനയുണ്ട്. ഇത്തരത്തിൽ ലിസ്റ്റ് ഇല്ലാതെ സർവീസ് നടത്തിയ ബസുകളിൽ നിന്നും പിഴ തുക ഈടാക്കിയിട്ടുണ്ട്. ഇൻഡിക്കേറ്ററില്ലാത്തത്, ലൈസൻസില്ലാതെ വാഹനമോടിക്കൽ, അമിത ശബ്ദത്തോടെയുള്ള സൈലൻസർ എന്നീ കുറ്റകൃത്യങ്ങളും പിടികൂടിയിട്ടുണ്ട്. കോഴിക്കോട് ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) ഓഫീസർ പി.എം. ശബീർ, വടകര ആർ.ടി.ഒ മധൂസൂദനൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.