cow-farming

മുക്കം: ബസ് മുതലാളിയായിരുന്നു ജയപ്രകാശൻ. ചെറുവാടി -മുക്കം - കോഴിക്കോട് റൂട്ടിൽ ആദ്യമോടിയ ബസ് ജെ പി ട്രാവൽസ് ആണ്. നല്ല ലാഭം കിട്ടിയപ്പോൾ ബസ് റൂട്ടടക്കം വിറ്റു. പിന്നെ നേരെ തിരിഞ്ഞത് പശുവളർത്തലിലേക്ക്. നാടോടിക്കാറ്റിൽ മോഹൻലാൽ പറയുന്ന പോലെ പശു അത്ര മോശം ബിസിനസ്സൊന്നുമല്ല !! ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ജയപ്രകാശന്റെ കുടുംബം ഇന്ന് അല്ലലില്ലാതെ ജീവിക്കുന്നത് പശുക്കളെ വളർത്തിയാണ്.

ഒരു ഗതിയും പരഗതിയും ഇല്ലാഞ്ഞിട്ട് തുടങ്ങിയതല്ല പശുവളർത്തൽ. നല്ലൊരു ഡ്രൈവർ കൂടിയായ പ്രകാശന് വാഹനങ്ങളിൽ വലിയ കമ്പമായിരുന്നു. ബസ്, ലോറി, ട്രാക്ടർ,കാർ തുടങ്ങി മിക്ക വാഹനങ്ങളും സ്വന്തമാക്കി.എല്ലാം വിറ്റത് ലാഭത്തിൽ. ഇപ്പോൾ സ്കൂട്ടറേയുള്ളൂ വാഹനമായിട്ട്. പല ബിസിനസുമായി അയൽ സംസ്ഥാനങ്ങളായ തമിഴ് നാട്ടിലും കർണാടകത്തിലുമെല്ലാം കറങ്ങി.

എന്നാൽ ഈ ബിസിനസിലൊന്നും ലഭിക്കാത്ത സംതൃപ്തിയാണ് പശുക്കളിൽ നിന്ന് ലഭിക്കുന്നത്. മനഃസമാധാനമുള്ള ബിസിനസ്. രണ്ടു കറവപ്പശുക്കളടക്കം നാലു പശുക്കളുണ്ട്. മുക്കം മുസ്ലിം അനാഥശാലയുടെ പിൻവശത്തുള്ള തേലമ്പറ്റത്താഴത്തു വീടിനോടു ചേർന്നു തന്നെയാണ് തൊഴുത്ത്.കാലികളെ കറക്കാനും പാൽ വിൽപനയ്ക്കും സഹായിയായി ഭാര്യ ലതയുമുണ്ട്.

മികച്ച ക്ഷീരകർഷകന് മുക്കം കൃഷിഭവനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ഏർപ്പെടുത്തിയ പുരസ്കാരവും ലഭിച്ചു. നെൽകൃഷിയടക്കം എല്ലാം വഴങ്ങും. 2018ൽ മികച്ച സംയുക്ത കർഷകനുള്ള അവാർഡും ലഭിച്ചു. മുക്കം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ഡയറക്ടറുമാണ് ഇൗ 63 കാരൻ.

പാലുല്പാദനത്തിൽ ലോകത്തിലെ ഏറ്റവും മുന്തിയ വിദേശി ജനുസ്സായ എച്ച് എഫ് ( Holstein Friesian ) ഇനത്തിൽപ്പെട്ടതാണ് പശുക്കൾ. 25 ലിറ്റർ പാൽ കിട്ടുന്ന ഒന്നിന് ലക്ഷം രൂപയാവും വില. പാലിൽ ഒരു ഭാഗം 34 രൂപ നിരക്കിൽ സഹകരണ സംഘത്തിനു നൽകും. കൂടുതലും പ്രദേശത്തുള്ള വീട്ടുകാരാണ് വാങ്ങുന്നത്. പുറത്തു നൽകുന്ന പാലിന് ലിറ്ററിന് 55 രൂപ വരെ ലഭിക്കും. പശു വളർത്തൽ തൊഴിലുറപ്പ് പദ്ധതിയായി പരിഗണിക്കുന്ന സാഹചര്യത്തിൽ നിശ്ചിത ലിറ്റർ പാൽ സംഘത്തിനു നൽകണം.

കേരള പിറവി ദിനത്തിലാണ് ജനനം. അന്ന് ജനിച്ച ആൺകുഞ്ഞുങ്ങൾക്ക് സർക്കാർ നൽകിയ സമ്മാനം സ്വർണനാണയമായിരുന്നു.അംശം അധികാരിയായിരുന്ന അച്ഛൻ വിസി അപ്പുവിന് ആ സ്വർണനാണയം നേടിക്കൊടുത്തതാണ് ജീവിതത്തിന്റെ തുടക്കം.

''പാൽ മാത്രമല്ല ചാണകവും ഗോമൂത്രവുമെല്ലാം ഡിമാന്റുള്ള വസ്തുക്കൾ തന്നെ. മുക്കം ക്ഷീരനഗരമാവുന്നതും ക്ഷീരകർഷകർ തൊഴിലുറപ്പിന്റെ പരിധിയിൽ എത്തുന്നതും വലിയ പ്രയോജനം ചെയ്യും.കാലിവളർത്തൽ മാന്യമായതും ലാഭകരമായതുമായ തൊഴിലാണ്. മനസിന് ശാന്തതയും സംതൃപ്തിയും ലഭിക്കുന്ന തൊഴിൽ."

- ജയപ്രകാശൻ