calicut-uni
calicut uni

ബിരുദ പ്രവേശനം
ബിരുദ പ്രവേശന നാലാം അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിൽ പ്രവേശനം താഴെ കൊടുത്ത പ്രകാരം നടക്കും.
നാലാം അലോട്ട്മെന്റിന് ശേഷം കോളേജുകളിൽ നിലനിൽക്കുന്ന (എസ്.സി/എസ്.ടി വിഭാഗം സീറ്റുകൾ ഒഴിച്ച്) ഒഴിവുകൾ നികത്തുന്നതിന് കോളേജുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരുടെ ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയയ്ക്കും. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 16-ന് ഉച്ചയ്ക്ക് ഒരു മണി വരെ അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യാൻ സയമം അനുവദിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കോ അവരുടെ പ്രതിനിധികൾക്കോ കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം.
അതത് കോളേജുകൾ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, 18വരെ പ്രവേശനം നൽകും.
12ന് വൈകിട്ട് അഞ്ച് മണിക്ക് എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒരു സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് 16ന് മൂന്ന് മണിവരെ പ്രവേശനം എടുക്കാം.
ഹയർ ഓപ്ഷനോടെ പ്രവേശനം എടുത്തവർ, ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ, റീ-ഓപ്ഷൻ നടത്തിയവർ എന്നിവരെയാണ് സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കുക. അല്ലാത്തവർ ഹയർ ഓപ്ഷനുകൾ ഭാഗികമായോ, പൂർണമായോ റദ്ദ് ചെയ്യണം. റദ്ദ് ചെയ്യാത്തപക്ഷം ഏതെങ്കിലും ഹയർ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് രണ്ടാം സ്പെഷ്യൽ അലോട്ട്മെന്റ് 18ന് നടത്തും.

സീറ്റൊഴിവ്
ലൈഫ് സയൻസ് പഠനവകുപ്പിൽ എം.എസ് സി ബയോകെമിസ്ട്രിക്ക് ബി.പി.എൽ, എം.എസ് സി ഹ്യൂമൺ ഫിസിയോളജിക്ക് ഇ.ടി.ബി വിഭാഗത്തിനും ഓരോ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രസ്തുത വിഭാഗക്കാർ 15ന് 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

പ്രവേശന പരീക്ഷ
സ്‌കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസിൽ എം.എ ഫോക്‌ലോറിന് അപേക്ഷിച്ചവർ 15ന് രാവിലെ പത്ത് മണിക്ക് പ്രവേശന പരീക്ഷയ്ക്കും രണ്ട് മണിക്ക് അഭിമുഖത്തിനും അപേക്ഷയുടെ പകർപ്പ് സഹിതം പഠനവകുപ്പിൽ ഹാജരാകണം.


തീയതി നീട്ടി
വിദൂരവിദ്യാഭ്യാസം ഡിഗ്രി, പി.ജി പ്രവേശനത്തിന് പിഴകൂടാതെ 20 വരെ അപേക്ഷിക്കാം. വിജ്ഞാപനം www.sdeuoc.ac.in ൽ. ഫോൺ: 0494 2407494, 2400288.

പി.ജി: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം
സർവകലാശാലാ പഠനവകുപ്പ്, സ്വാശ്രയ കേന്ദ്രങ്ങൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിൽ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ, എം.എസ് സി റേഡിയേഷൻ ഫിസിക്സ് (എസ്.സി/എസ്.ടി സീറ്റ്), എം.എസ് സി മാത്തമാറ്റിക്സ് (എസ്.സി/എസ്.ടി സീറ്റ്) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള തീയതി 15 വരെ നീട്ടി. അപേക്ഷാ ഫീസ്: ജനറൽ 650 രൂപ, എസ്.സി/എസ്.ടി 440 രൂപ. രണ്ടിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അപേക്ഷാ ഫീസിനൊപ്പം അടയ്ക്കണം. പരീക്ഷ 20-ന് സി.സി.എസ്.ഐ.ടിയിൽ നടക്കും. എം.സി.എ 10.30 മുതൽ 12.30 വരെ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് രണ്ട് മുതൽ നാല് വരെ. വിവരങ്ങൾക്ക് www.cuonline.ac.in.

പ്രാക്ടിക്കൽ
നാലാം വർഷ ബി.എസ് സി നഴ്സിംഗ് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാ കേന്ദ്രം

18-ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷയ്ക്ക് മുതലമട പിസാറ്റ് എൻജിനിയറിംഗ് കോളേജ് പരീക്ഷാ കേന്ദ്രമായി രജിസ്റ്റർ ചെയ്തവർ പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിലും, മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി കേന്ദ്രമായി രജിസ്റ്റർ ചെയ്തവർ കുളപ്പുള്ളി അൽ അമീൻ എൻജിനിയറിംഗ് കോളേജിലും, മഞ്ചേരി ഏറനാട് നോളേജ് സിറ്റി ഒഫ് എൻജിനിയറിംഗ് കേന്ദ്രമായി രജിസ്റ്റർ ചെയ്തവർ പട്ടിക്കാട് എം.ഇ.എ എൻജിനിയറിംഗ് കോളേജിലും പരീക്ഷ എഴുതണം.

പരീക്ഷാഫലം
എൻജിനിയറിംഗ് കോളേജിലെ (ഐ.ഇ.ടി) ഏഴാം സെമസ്റ്റർ ബി.ടെക് (14 സ്‌കീം) നവംബർ 2018 റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

കരാർ നിയമനം

സർവകലാശാലാ നിയമ പഠനവകുപ്പിൽ (സ്വാശ്രയം) കോർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് 23 നകം അപേക്ഷിക്കണം. യോഗ്യത: എൽ എൽ.എം, നെറ്റ്, പി എച്ച്.ഡിയും സർവകലാശാല/കോളേജുകളിൽ പത്ത് വർഷത്തെ അദ്ധ്യാപന പരിചയവും. പി എച്ച്.ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും വിരമിച്ച 65 വയസിൽ താഴെയുള്ള അദ്ധ്യാപകരെയും പരിഗണിക്കും. പ്രതിമാസ മൊത്ത വേതനം: 30,000 രൂപ. വിവരങ്ങൾക്ക് www.uoc.ac.in.

എൻ.എസ്.എസ് 2018-19 വർഷത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസർ, വോളന്റിയർ അവാർഡുകൾക്ക് 15ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.