കൽപ്പറ്റ:വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനങ്ങൾ നടക്കുന്ന ഇക്കാലത്ത് വയനാട് എം.പി രാഹുൽ ഗാന്ധിയുടെ 'സാന്നിദ്ധ്യം' ശിലാഫലകങ്ങളിലൂടെ ! അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന്റെ ഫലകത്തിലും രഹുലിന്റെ സാന്നിദ്ധ്യമുണ്ട്.
ഒന്നുകിൽ സാന്നിദ്ധ്യം.അല്ലെങ്കിൽ മുഖ്യാതിഥി. നോട്ടീസുകളിലും ഫ്ളക്സുകളിലുമെല്ലാം രാഹുൽഗാന്ധിയുണ്ട്.തൃശ്ശിലേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിൽ മുഖ്യാതിഥി രാഹുൽഗാന്ധി എം.പിയായിരുന്നു. ഉദ്ഘാടനം മന്ത്രി കെ.ടി.ജലീലും.സ്കൂളിൽ സ്ഥാപിച്ച ഫലകത്തിൽ രാഹുൽഗാന്ധി എം.പിയെന്ന് 'സാന്നിദ്ധ്യം' കൊത്തിവച്ചിട്ടുണ്ട്. സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കിലും.
എം.പിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കുയെന്നത് തന്നെ വലിയ ബുദ്ധിമുട്ടുളള കാര്യം.അംഗൺവാടി ഉദ്ഘാടനമായാലും എം.പിയുടെ സാന്നിദ്ധ്യം ഉണ്ടായെ പറ്റൂ.എം.പി വന്നില്ലെങ്കിലും ഒാരോ ചടങ്ങിലും അദ്ദേഹത്തെ പരാമർശിക്കുകയെങ്കിലും വേണം. മുക്കത്തെ എൻ.ഐ ടി കുന്ദമംഗലം റോഡ് ഉദ്ഘാടന ചടങ്ങിൽ രാഹുൽഗാന്ധി എം.പി. മുഖ്യാതിഥിയാണ്.പതിനാല് കോടി രൂപാചെലവിൽ നവീകരിക്കുന്ന റോഡ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിലും രാഹുലിന്റെ പേര് വച്ചത് നല്ല ഉദേശത്തോടെയായിരിക്കാം. പക്ഷേ, അതവിടെ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല.കോഴിക്കോട് എം.പി എം.കെ.രാഘവനെ ഒഴിവാക്കിയാണ് രാഹുലിന്റെ പേര് വച്ചതെന്നാണ് പരാതി.നാളെയാണ് റോഡിന്റെ ഉദ്ഘാടനം. പ്രശ്നം വിവാദമായതോടെ കോഴിക്കോട് എം.പി.രാഘവനെയും വിശിഷ്ടാതിഥിയാക്കി.
മൂന്ന് തവണയേ രാഹുൽ മണ്ഡലത്തിൽ എത്തിയിട്ടുളളു.നോമിനേഷൻ നൽകാനും, റോഡ് ഷോക്കും,ഒടുവിൽ നന്ദി പറയാനും. മൂന്ന് തവണയും പാസിന് വേണ്ടി മണ്ഡലത്തിലെ മാധ്യമ പ്രവർത്തകർ അടക്കം ബുദ്ധിമുട്ടിയതിന് കണക്കുമില്ല.പിന്നെയല്ലേ സാധാരണക്കാർക്ക് .