aquarium

കോഴിക്കോട്: ആഴക്കടലിലെ അത്ഭുത മത്സ്യങ്ങളെ കാണാൻ കൊതിക്കാത്തവരായി ആരാണുള്ളത്. എന്നാൽ കോഴിക്കോട് നഗരത്തിൽ സമുദ്രജല മത്സ്യങ്ങളെ തൊട്ടടുത്ത് കാണാനുള്ള അവസരമുണ്ടെന്ന് ഇന്ന് എത്രപേർക്കറിയാം? ഒരുകാലത്ത് പ്രൗഡിയിൽ കഴിഞ്ഞിരുന്ന മറൈൻ റിസർച്ച് അക്വേറിയം ഇപ്പോൾ ആരുമെത്താതെ വിസ്മൃതിയിലായിരിക്കുകയാണ്. സ്കൂളിലെ ചെറിയ ക്ലാസ് വിദ്യാർത്ഥികളല്ലാതെ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പഠന ടൂറായി ഇവിടേക്ക് വിദ്യാർത്ഥികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും മറ്റ് മാസങ്ങളിൽ അക്വേറിയം ഒഴിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്.

കോഴിക്കോട് വെള്ളയിലെ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന് സമീപമായാണ് മറൈൻ റിസർച്ച് അക്വേറിയം. 2002ൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ചതാണ്. ശുദ്ധജല മത്സ്യത്തേക്കാൾ കൂടുതലായി സമുദ്രജല മത്സ്യങ്ങളാണ് അക്വേറിയത്തിൽ ഉള്ളത്. പവിഴമത്സ്യങ്ങളെ കൂടുതലായും വിഴിഞ്ഞം ബീച്ചിൽ നിന്നാണ് കൊണ്ടുവരുന്നത്. കുട്ടികൾക്ക് പത്ത് രൂപയും മുതിർന്നവർക്ക് ഇരുപത് രൂപയുമാണ് ടിക്കറ്റ് ചാർജ്.

തിക്കോടി ബീച്ച് ഇനി അക്വേറിയത്തിലും

പവിഴപുറ്റുകളാലും ആൽഗകളാലും വിശേഷമാണ് തിക്കോടി ബീച്ച്. നീല, പച്ച, ചുവപ്പ് എന്നീ മൂന്ന് ആൽഗകളും ഇവിടെയുണ്ട്. ഇതിന്റെ മാതൃക അക്വേറിയത്തിലും നിർമിക്കാനുള്ള ഒരുക്കത്തിലാണ് സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം. സയന്റിസ്റ്റ് ഡോ. വിനോദിന്റെ നേതൃത്വത്തിലാണ് നിർമാണം. മുൻപ് ആമയുണ്ടായിരുന്ന കുളത്തിലാണ് നിർമാണം നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. ആമ ചത്തുപോയതോടെ ഇവിടെ ഒഴിഞ്ഞിരിക്കുകയാണ്. പവിഴപുറ്റുകളെക്കുറിച്ചും ആൽഗകളെക്കുറിച്ചും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകമാവും ഇത്.

ഫണ്ടില്ല, ചിലവുണ്ട്

ലാഭേച്ഛയില്ലാതെ സ്കൂൾ വിദ്യാർത്ഥികൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കുമായാണ് ആരംഭിച്ചതെങ്കിലും ഇന്ന് ഇത് നടത്തികൊണ്ടു പോവാൻ ബുദ്ധിമുട്ടുകയാണ് ഗവേഷണ സ്ഥാപനത്തിലെ ഭാരവാഹികൾ. പ്രത്യേക ഫണ്ട് അക്വേറിയം നടത്തിപ്പിനായി അനുവദിച്ചിട്ടില്ലാത്തതിനാൽ ഇവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ഇതിനായി നീക്കി വെയ്ക്കുകയാണ് ചെയ്യുന്നത്. ടിക്കറ്റ് ചാർജ് വഴി വർഷത്തിൽ മൂന്ന് ലക്ഷത്തോളം വരുമാനം ഉണ്ടെങ്കിലും അതിലും എത്രയോ കൂടുതലാണ് അക്വേറിയം നടത്തികൊണ്ടു പോവാനായി ചെലവാകുന്നത്. കടൽ മത്സ്യങ്ങളാണ് ഇവിടെ കൂടുതലും ഉള്ളതെന്നതിനാൽ അതും ചെലവ് കൂട്ടും. ശുദ്ധജലത്തേക്കാൾ കടൽ ജലം സംഭരിക്കാനും അവ മാറ്റാനും പ്രയാസമുണ്ട്. കടലിൽ നിന്ന് പമ്പ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. ശുദ്ധജലം നിലനിൽക്കുന്നതുപോലെ കടൽ ജലം നിൽക്കുകയില്ല. അത് പെട്ടെന്ന് പെട്ടെന്ന് മാറ്റേണ്ടി വരും. കടൽ ജലത്തിന് മറ്റ് ജലത്തേക്കാൾ തുരുമ്പെടുപ്പിക്കാനുള്ള കഴിവും ഉണ്ട്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള പമ്പ്, പൈപ്പ് തുടങ്ങിയവ എളുപ്പത്തിൽ ചീത്തയാവുകയും അവ ഇടയ്ക്കിടെ മാറ്റേണ്ടിയും വരുന്നു. അക്വേറിയം നിൽക്കുന്ന കെട്ടിടത്തിനും കാലത്തിന്റെതായ നിർമാണപണികൾ ആവശ്യമാണ്.

"കടലിൽ മത്സ്യബന്ധനത്തിനെല്ലാം പോവുന്നവർ വിശേഷമായുള്ള മത്സ്യങ്ങളെ കണ്ടാൽ വിവരം അറിയിക്കുകയും ജീവനോടെ ഇവിടേക്കായി കൊണ്ടുവരികയും ചെയ്യാറുണ്ട്. അങ്ങനെയാണ് പ്രധാനമായും അക്വേറിയത്തിലേക്ക് മത്സ്യങ്ങൾ എത്തുന്നത്".

- ഡോ. പി.കെ അശോകൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ്)