കോഴിക്കോട്: കക്കൂസ് മാലിന്യ നിക്ഷേപംകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പൊറ്റമ്മൽ ദേശവാസികൾ. രാത്രികാലങ്ങളിൽ നെല്ലിക്കോട് പോസ്റ്റ് ഓഫീസ് മുതൽ പൊറ്റമ്മൽ ജംഗ്‌ഷൻ വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലെയും ഓവുചാലുകളിൽ കക്കൂസ് മാലിന്യം തള്ളുകയാണ്. മഴക്കാലമായതിനാൽ ഇവ ഒഴുകി സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ള ശ്രോതസ്സുകളിലും ചേരുന്നു.
നെല്ലിക്കോട് റസിഡൻസ് അസോസിയേഷന്റെ നേതൃതത്തിൽ നാട്ടുകാർ സംഘടിച്ച് കാത്ത് നിന്നെങ്കിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മാലിന്യം തള്ളുന്നത്.
പല തവണ അസോസിയേഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടാവുന്നില്ലെന്നാണ്
പരാതി. കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഓഫീസിനോട് ചേർന്നുള്ള ഓവുചാലിലാണ് പലപ്പോഴും മാലിന്യം കാണപ്പെടാറുള്ളത്. മാലിന്യ നിക്ഷേപത്തിന് ഹെൽത്ത് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടോയെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സംശയിക്കുന്നു. ഏറ്റവും ഹീനമായ ഈ കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്താൻ കോർപ്പറേഷൻ വീഡിയോ കാമറകൾ സ്ഥാപിച്ചില്ലെങ്കിൽ പ്രദേശത്തെ റസിഡൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഓഫീസ് പിക്കറ്റിംഗ് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നെല്ലിക്കോട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.