കോഴിക്കോട്: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന പിൻവലിക്കണമെന്നും വ്യാപാരി-വ്യവസായികള്‍ക്കുള്ള വൈദ്യുതി നിരക്ക് ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കിനു തുല്യമാക്കണമെന്നും ആവശ്യപ്പെട്ട്കൊണ്ട് സംസ്ഥാനത്തെ കെ.എസ്. ഇ. ബി ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
വൈദ്യുതി നിരക്ക് വര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കേരളത്തിലെ വ്യാപാരി-വ്യവസായി സമൂഹത്തിനെയാണ്.
ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നുവെന്നും ടച്ചിംഗ്സ് വെട്ട് എന്ന പേരും പറഞ്ഞ് ദിവസവും പലപ്രാവശ്യം വെദ്യുതി മുടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് മൂലം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന നിരവധി വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.ഡാമില്‍ വെള്ളം കുറവാണെന്ന ന്യായം പറഞ്ഞ് പൊതുജനങ്ങളെ ദ്രോഹിക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടികള്‍ ശരിയല്ല. ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരിക്കാതെ ബദല്‍ വൈദ്യുതി ഉല്പാദന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി നടപ്പിലാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവണം.
അശാസ്ത്രീയമായി നടപ്പിലാക്കിയ നോട്ട് നിരോധനത്തില്‍ നിന്നും മഹാ പ്രളയക്കെടുതിയില്‍ നിന്നും നാളിതുവരെ മോചിതരായിട്ടില്ലാത്ത, കടുത്ത വ്യാപാര മാന്ദ്യം നേരിടുന്ന കേരളത്തിലെ വ്യാപാരി- വ്യവസായി സമൂഹത്തിന് മേല്‍ കെ.എസ്.ഇ.ബി നടത്തിയിട്ടുള്ള നിരക്ക് വര്‍ദ്ധന എന്ന ഇരുട്ടടി പിന്‍വലിക്കണം - അദ്ദേഹം പറഞ്ഞു.