കോഴിക്കോട്: മഴയില്ലെങ്കിലും മഴക്കാലത്തെ നേരിടാൻ റെഡി! മഴയെ മാത്രമല്ല പ്രകൃതി ദുരന്തത്തെയും.ഒരുകോടി രൂപയിലധികം വിലയുള്ള എമർജൻസി ടെൻഡർ എന്ന വാഹനം വന്നതോടെ സജ്ജീകരണങ്ങളുടെ കാര്യത്തിൽ കോഴിക്കോട് ബീച്ചിലെ അഗ്നിരക്ഷാസേന സർവസജ്ജമായി.
ഈ വർഷം ഇതുവരെ 300 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഴക്കാലമായതോടെ കേസുകൾ വർദ്ധിച്ചു. ദിവസവും ശരാശരി മൂന്നിലധികം കോളുകൾ വരെ വരാറുണ്ട്. സംസ്ഥാന സർക്കാറിൽ നിന്ന് മികച്ച ഇടപെടലും സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത്ത് കുമാർ പറയുന്നു. ഹെൽമറ്റ്, ബൂട്ട് ഉൾപ്പടെ പേഴ്‌സണൽ എക്യുപ്‌മെന്റ്‌സ് എന്നിവ ധാരാളമായി ലഭിച്ചു. അഞ്ച് ഫയർ വാഹനങ്ങൾ, എമർജൻസി ടെൻഡർ, ആംബുലൻസ്, 44 ഫയർമാൻമാരും 10 ഹോംഗാർഡുമാർ ഉൾപ്പെടെ 54 ജീവനക്കാർ എന്നിവയാണ് സേനയുടെ കരുത്ത്.
# കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയർ ടീം
പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയർ ടീമിനെ(സി.ആർ.വി) മികച്ച രീതിയിൽ സേന ഉപയോഗിക്കുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ സി.ആർ.വി അംഗങ്ങളെ വിവരമറിയിക്കും. പ്രാദേശിക തലത്തിലുള്ള ഇവർ ഉടൻ അപകട സ്ഥലത്തെത്തി പ്രാഥമികമായി ചെയ്യേണ്ടവ ചെയ്യും. പിന്നീട് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തും. 18നും 40നും ഇടയിൽ പ്രായമുള്ളവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയാണ് 80 അംഗ ടീം രൂപീകരിച്ചത്. ഇവരുടെ പേരും വിലാസവും അടിസ്ഥാന വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിക്കും. കേരള എമർജൻസി ടീമിന്റെ സേവനവും ഉറപ്പാക്കുന്നുണ്ട്. കുടുംബശ്രീയുടെ പിങ്ക് അലേർട്ട് സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. ഓട്ടോ ടാക്‌സി ഡ്രൈവർമാരെ ഉൾപ്പെടുത്തി സി.ആർ.വി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ്.
# അത്യാധുനിക സംവിധാനങ്ങൾ
പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങളാണ് ബീച്ച് ഫയർഫോഴ്‌സിലുള്ളത്. ഒരുകോടി രൂപയിലധികം വിലയുള്ള എമർജൻസി ടെൻഡർ എന്ന വാഹനമെത്തിയത് സേനക്ക് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ടെലസ്‌കോപിക് ലൈറ്റ് സംവിധാനം, കേബിൾ വിഞ്ച്, മൾട്ടി ഗ്യാസ് ഡിറ്റക്ടർ, ഓക്‌സി-അസറ്റിലിൻ കട്ടിംഗ് സെറ്റ്, പുളളിംഗ് ആൻഡ് ലിഫ്റ്റിംഗ് മെഷീനുകൾ, കോൺക്രീറ്റ് ബ്രേക്കർ, എക്സോസ്റ്റ് ബ്ലോവർ, ഹൈഡ്രോളിക് റസ്‌ക്യൂ ടൂൾസ്, ഷോറിംഗ് സിസ്റ്റം, ഗ്ലാസ് ബ്രേക്കർ തുടങ്ങിയ ഉപകരണങ്ങൾ ഈ വാഹനത്തിലുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായാൽ തടയാനുള്ള ഷോറിംഗ്, കോൺക്രീറ്റ് കട്ടർ, കോൺക്രീറ്റ് ഡിമോളിഷിംഗ് ഹേമ്മർ, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, ഏത് ദിശയിലേക്ക് തിരിക്കാനും അഞ്ച് മീറ്റർ ഉയർത്താനും കഴിയുന്ന ടവർലൈറ്റ്, ഫസ്റ്റ് എയ്ഡ്, ടൺ കണക്കിന് ഭാരം ഉയർത്താൻ കഴിയുന്ന ന്യുമാറ്റിക് എയർ ബാഗുകൾ, പോർട്ടബിൾ എൽ.ഇ.ഡി ലൈറ്റുകൾ, ശ്വസന ഉപകരണങ്ങൾ, അപകടത്തിൽപ്പെട്ട വാഹനങ്ങളും മറ്റും മാറ്റാനുള്ള വിഞ്ച്, 15 പേർക്ക് സഞ്ചരിക്കാവുന്ന യെമഹ ടിങ്കി, തീപിടിത്തത്തിൽ ഉണ്ടാവുന്ന പുക പുറത്തേക്ക് കളയാനുള്ള എക്‌സോസ്റ്റ് ബ്ലോവർ, റെസ്‌ക്യു നെറ്റ്, ജനറേറ്റർ, മൾട്ടി ഗ്യാസ് ഡിറ്റക്ടർ എന്നിങ്ങനെ സർവ്വതും സജ്ജം.
# സർവസന്നാഹത്തിൽ ഇവയെല്ലാം
1. ഷോറിംഗ്
2. ടവർലൈറ്റ്
3. യെമഹ ടിങ്കി
4. ലൈഫ് ബോയ്
5. ലൈഫ് ജാക്കറ്റ്
6. റെസ്‌ക്യു നെറ്റ്
7. കോൺക്രീറ്റ് കട്ടർ
8. എക്‌സോസ്റ്റ് ബ്ലോവർ
9. എമർജൻസി ടെൻഡർ
10. ന്യുമാറ്റിക് എയർ ബാഗുകൾ
11. ജനറേറ്റർ, മൾട്ടി ഗ്യാസ് ഡിറ്റക്ടർ
12. പോർട്ടബിൾ എൽ.ഇ.ഡി ലൈറ്റുകൾ
13. കോൺക്രീറ്റ് ഡിമോളിഷിംഗ് ഹേമ്മർ