കോഴിക്കോട്: മത്സ്യബന്ധനത്തിൽ കോഴിക്കോട് ജില്ലയ്ക്ക് മൂന്നാം സ്ഥാനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ 2018ലെ വാർഷിക പഠന റിപ്പോർട്ടിലാണ് കോഴിക്കോടിന് മൂന്നാം സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. 161082 ടൺ മത്സ്യവുമായി എറണാകുളം ജില്ലയാണ് മുന്നിൽ. 138475 ടൺ മത്സ്യവുമായി കൊല്ലം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയിൽ 97,508 ടൺ മത്സ്യമാണ് പിടിച്ചെടുത്തത്. 74,400 ടൺ മത്സ്യവുമായി തൊട്ടടുത്ത ജില്ലയായ മലപ്പുറമാണ് നാലാം സ്ഥാനത്ത്.
മത്സ്യബന്ധന തുറമുഖങ്ങളിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനാണ് നാലാം സ്ഥാനമാണുള്ളത്. ബേപ്പൂരിൽ 39,859 ടൺ മത്സ്യമാണ് കൊണ്ട് വന്നത്. മൂന്നാം സ്ഥാനത്തുള്ള ശക്തികുളങ്ങരയിൽ 39,939 ടൺ മത്സ്യമാണ് ലഭിച്ചത്. കേലലം 80 ടൺ മത്സ്യത്തിന്റെ വ്യത്യാസം. എന്നാൽ ഒന്നാം സ്ഥാനത്തുള്ള എറണാകുളം ജില്ലയിലെ മുനമ്പം ഹാർബറിൽ നിന്ന് 86,710 ടൺ മത്സ്യം ലഭിച്ചു. കൊല്ലം ജില്ലയിലെ നീണ്ടകര 57,939 ടൺ മത്സ്യം പിടികൂടി രണ്ടാം സ്ഥാനത്തിന് അർഹരായി. കോഴിക്കോട് ജില്ലയിലെ തന്നെ പുതിയാപ്പ 29,471 ടൺ മത്സ്യവുമായി ഏഴാം സ്ഥാനത്തുണ്ട്.
കേരളീയരുടെ ജനകീയ മത്സ്യമായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് 39 ശതമാനമാണ് കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 2017 ൽ ലഭിച്ചതിനേക്കാൾ ഏകദേശം അമ്പതിനായിരം ടൺ കുറഞ്ഞ് ആകെ 77,093 ടൺ മത്തിയാണ് കേരളത്തിൽ 2018 ലഭിച്ചത്. കോഴിക്കോട് ജില്ലയിലും ആനുപാതികമായി കുറവ് ഉണ്ടായി.
. എന്നാൽ, മറ്റ് മീനുകൾ കൂടിയതിനാൽ കടലിൽ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യലഭ്യതയിൽ 10 ശതമാനം വർദ്ധനവുണ്ടായി. പോയ വർഷം 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുൻവർഷം ഇത് 5.85 ലക്ഷം ടൺ ആയിരുന്നു.
മത്തി കുറഞ്ഞെങ്കിലും അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. മുൻ വർഷത്തേക്കാൾ 142 ശതമാനം വർദ്ധനവാണ് അയലയുടെ ലഭ്യതയിൽ ഉണ്ടായത്.