കുറ്റ്യാടി: കുറ്റ്യാടിയുടെ ഹൃദയഭാഗത്തേയ്ക്ക് നാല് പ്രധാന റോഡുകളാണ് വന്നു ചേരുന്നത്. നാദാപുരം കുറ്റ്യാടി റോഡ്. കോഴിക്കോട് കുറ്റ്യാടി റോഡ്. വയനാട് റോഡ്. മരുതോങ്കര, ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ്. എല്ലാം ആരംഭിക്കുന്നത് കുററ്യാടിയുടെ ഹൃദയഭാഗമാണ്.ഇവിടെയുള്ള എല്ലാ റോഡിലും സീബ്രാവരകൾ മാഞ്ഞിരിക്കുന്നു.
മലയോര മേഖലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ നിന്നും കുറ്റ്യാടിയിൽ ആയിരക്കണക്കിനാളുകയാണ് എത്തുന്നത്. കാലത്ത് ആറ് മണി മുതൽ റോഡിൽ നൂറ് കണക്കിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപെടെയുള്ളവരുടെ വൻതിരക്ക് കാണാം. ഇടതടവില്ലാതെ വാഹനം ഓടുമ്പോൾ പാതയുടെ ഒരു വശത്ത് നിന്ന് എതിർ വശത്തേയ്ക്ക് കടന്നു പോവാൻ കാൽനടക്കാൻ നന്നെ ബുദ്ധിമുട്ടുന്നു.
ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച സീബ്രാലൈനുകളിൽ പോലും വാഹനങ്ങളുടെ തിരക്ക്. പൂർണമായും തേഞ്ഞ് മാഞ്ഞ സീബ്രാലൈനിൽ യാത്രക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണ് ഡ്രൈവർമാർ.റോഡിൽ ഓടി നടക്കാൻ വിധിക്കപ്പെട്ട ഹോം ഗാർഡുകളുടെ നിർദ്ദേശം പലപ്പോഴായി കാറ്റിൽ പറക്കുന്നു.
വിദ്യാത്ഥികൾ, സ്ത്രീകൾ, രോഗികൾ വയോജനങ്ങളും കനത്ത വെയിലിലും മഴയിലും കാത്തു നിൽക്കേണ്ട അവസ്ഥ.സീബ്രാലൈനുകളിൽ കാൽനടയാത്രക്കാർ എത്തിയാൽ ഒരു മീറ്റർ മുന്നിൽ വാഹനം നിർത്തണമെന്ന ട്രാഫിക്ക് നിയമം പോലും പാലിക്കപ്പെടുന്നില്ല.റോഡിന് കുറുകെ യാത്ര ചെയ്യുന്നവരോട് വെറുപ്പിന്റെ സ്വരം ഉയർത്തുന്നവരും കുറവല്ല.റോഡിന്റെ അധികാരം വാഹനമോടിക്കുന്നവരുടേതാണെന്ന ഭാവമാണ് പലർക്കും . യാത്രക്കാർ ഏറെ കഷ്ടപ്പെട്ടാണ് റോഡിന്റെ മറു വശത്ത് എത്തുന്നത്. മാഞ്ഞ് പോയ സീബ്രാലൈനുകൾ കാണാത്തതിനാൽ ഡ്രൈവർമാർക്ക് വേഗത കുറയ്ക്കാനും പ്രയാസപ്പെടുന്നു.
# സീബ്രാലൈനുകൾ ഇവിടെയെല്ലാം
1 കുറ്റ്യാടി, വയനാട് അന്തർ സംസ്ഥാന റോഡിലെ വളവ് . വരഞ്ഞിരുന്ന സീബ്രാലൈൻ തീർത്തും മാഞ്ഞ് പോയതിനാൽ അപകട സാദ്ധ്യത ഏറുന്നു.
2 നാദാപുരം റോഡിലെ സീബ്രാലൈൻ. തൊട്ടടുത്താണ് വിദ്യാലയം. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് റോഡിന് കുറുകെ കടന്ന് പോവുന്നത്.
3 കോഴിക്കോട്, കുറ്റ്യാടി റോഡിൽ കാലങ്ങൾക്ക് മുൻപ് വരഞ്ഞ സീബ്രാലൈനുകളാണ് .
4 മാർക്കറ്റ്, മരുതോങ്കര ഭാഗങ്ങളിലേക്ക് നൂറ് കണത്തിനാളുകൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന ഇവിടെ കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.
സീബ്രാലൈൻ നിയമം
1 സീബ്രാലൈനിൽ കാൽനടയാത്രക്കാരൻ പ്രവേശിച്ചു കഴിഞ്ഞാൽ വാഹനം നിറുത്തിയിടണം
2 സീബ്രാലൈനിൽ വാഹനങ്ങൾക്കല്ല കാൽനടയാത്രക്കാർക്ക് മുൻഗണന
3 എന്നാൽ നിഗ്നൽ ലൈറ്റിനു സമീപത്തെ സീബ്രാലൈനിൽ വാഹനങ്ങൾക്കുള്ള പച്ച ലൈറ്റക കത്തുമ്പോൾ കാൽനടയാത്രക്കാത്ര പാടില്ല
4 താൻ നടന്നു പോവുന്നത് ഡ്രൈവർ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി വേണം നടക്കാൻ
5 മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് സീബ്രാലൈൻ മുറിച്ചു കടക്കരുത്
"റോഡിലെ കുരുക്ക് തുടർക്കഥയായി നീളുന്ന ടൗണിൽ ജനങ്ങൾക്ക് സൗകര്യപ്രദമായി സഞ്ചരിക്കാനുള്ള സംവിധാനം ഏർപെടുത്തേണ്ടിയിരിക്കുന്നുവെന്നാണ് . സീബ്രലൈനിൽ കാൽനടക്കാർ പോവുമ്പോൾ വാഹനങ്ങൾ അപകടകരമായി വരുന്നത് പതിവായി കാണുന്നു. ഏതു നിമിഷവും അപകടം കൺമുന്നിൽ നടക്കുമെന്ന പേടിയോടെയാണ് കടയിലിരിക്കുന്നത്"
- ബാലൻ നായർ
കുറ്റ്യാടി ടൗണിലെ ശക്തി പ്രസ്സ് ഉടമ