​രാമനാട്ടുകര: എട്ടു ദിവസം ജല വിതരണ കുഴലിൽ കുടിവെള്ളം ഇല്ലായിരുന്നു. ഇന്നലെ വന്നപ്പോഴാകട്ടെ കറുത്ത് ദുർഗന്ധം ​വമിക്കുന്ന മലിനജലം. രാമനാട്ടുകര നഗരസഭയിലെ പത്തൊൻപതാം ഡിവിഷനിൽ സിൽക്ക് പാലം.ചെള്ളി പാടം,മുട്ടിയറ.തോട്ടുങ്ങൽ എന്നീ പ്രദേശങ്ങളിലെ മുപ്പതോളം വീടുകളിലേക്കുള്ള പൈപ്പുകളിലാണ് വീട്ടുകാരെ വലച്ച് വെള്ളം വന്നത്.

ഏതു കാലത്തും ഈ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്.സമീപത്തു കൂടി ഒഴുകുന്ന പുഴ കാരണം ഇവിടെയുള്ള കിണറുകളിൽ ഉപ്പു വെള്ളത്തിന്റെ രുചിയാണ്.അതിനാൽ തന്നെ ഈ പ്രദേശത്തുകാർ വല്ലപ്പോഴും വരുന്ന പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്‌ചയാണ് പൈപ്പുകളിൽ വെള്ളം വന്നത്. അതിനു ശേഷം എട്ട് ദിവസമായി ഈ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട്. ഇന്നലെ രാവിലെ 11 നു പൈപ്പുകളിൽ വന്ന വെള്ളത്തിനാണ് കറുത്ത നിറവും ദുർഗന്ധവും . പൈപ്പുകളിൽ നിന്നും നേരെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിലേക്കാണ് ഈ വെള്ളം എത്തുക. അടുക്കള ആവശ്യത്തിനായി എടുക്കുമ്പോഴാണ് പല വീട്ടുകാരും വെള്ളത്തിന്റെ അവസ്ഥ മനസ്സിലാക്കിയത്.ഉടൻ തന്നെ വെള്ളം ശേഖരിച്ച് പരിശോധനക്കായി ലാബുകളിലേക്ക് അയച്ചു.നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട നാട്ടുകാർക്ക് ശരിയായ വിവരം ലഭിച്ചില്ല എന്നും പരാതിയുണ്ട്.