പേരാമ്പ്ര: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി മരവിപ്പിച്ചതു സംബന്ധിച്ചും മേൽനടപടി സ്വീകരിക്കാനും ജില്ലാ കളക്ടർ സാംബശിവ റാവു സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിക്ക് കത്തുനൽകി. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടർ നിയോഗിച്ച റാപ്പിഡ് പാരിസ്ഥിതികാഘാത വിലയിരുത്തൽ സംഘം നടത്തിയ പരിശോധനയിൽ ഖനനം പ്രദേശത്ത് വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പാരിസ്ഥിതികാനുമതി മരവിപ്പിക്കുകയായിരുന്നു. ജില്ലാ പാരിസ്ഥിതികാഘാത നിർണയ സമിതി ഇപ്പോൾ നിലവിലില്ലാത്തതുകാരണമാണ് സംസ്ഥാന സമിതിക്ക് കളക്ടർ കത്തയച്ചത്. ക്വാറിക്ക് ഡി. ആന്റ്. ഒ ലൈസൻസ് ലഭിക്കുന്നതിനു വേണ്ടി കമ്പനി നൽകിയ അപേക്ഷ കോട്ടൂർ ഗ്രാമപഞ്ചായത്ത് മടക്കിയിരുന്നു. തുടർന്ന് കമ്പനി ചീഫ് സെക്രട്ടറിക്ക് അപ്പീൽ നൽകി വീണ്ടും ലൈസൻസ് സംഘടിപ്പിക്കാനുള്ള ശ്രമം നടത്തിയപ്പോൾ ആക്ഷൻ കൗൺസിൽ ഗ്രാമ പഞ്ചായത്തോഫീസ് ഉപരോധസമരം തുടങ്ങി. സമരം അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റാപ്പിഡ് സംഘത്തെ പരിശോധനക്ക് നിയോഗിച്ചത്. ശരിയായ പഠനം നടത്താതെയാണ് പാരിസ്ഥിതികാനുമതി നൽകിയതെന്ന് കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാരിസ്ഥിതികാഘാത പഠനം ശാസ്ത്രീയമായി നടത്താതെ നിലവിലുള്ള പാരിസ്ഥിതികാനുമതിയുമായി മുന്നോട്ടു പോകരുതെന്നും റിപ്പോർട്ടിലുണ്ട്.