മുക്കം: കേന്ദ്ര റോഡ് ഫണ്ട് നേടിയെടുക്കുന്നതില്‍ ശക്തമായ മുന്നേറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കുന്ദമംഗലം- എന്‍.ഐ.ടി-അഗസ്ത്യന്‍മുഴി റോഡ് കേന്ദ്രഫണ്ട് 14 കോടി രൂപ ഉപയോഗിച്ച് നടത്തുന്ന നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര റോഡ് ഫണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല. സംസ്ഥാനത്തെ ദേശീയപാതയില്‍ നിന്ന് ലഭിക്കുന്ന നികുതിയുടെ ഒരു വിഹിതമാണ്. എന്നാൽ അര്‍ഹമായ വിഹിതം പലപ്പോഴും ലഭിക്കാറില്ല. വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിൽ അനവധി ചര്‍ച്ചകളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മൂന്ന് വര്‍ഷം കൊണ്ട് 1400 കോടി രൂപ നേടിയെടുത്തു. വിവിധ നിയോജക മണ്ഡലങ്ങളിൽ റോഡുകളും പാലങ്ങളുമായാണ് ഇത്രയും തുക ലഭിച്ചത്. തിരുവമ്പാടിയുടെ പ്രത്യേകതയും പിന്നോക്കാവസ്ഥയും പ്രളയം ബാധിച്ച സ്ഥലമെന്ന പരിഗണനയും എംഎല്‍എയുടെ ഇടപെടലുമെല്ലാം കണക്കിലെടുത്താണ് 24 കോടിയുടെ രണ്ട് സിആര്‍എഫ് റോഡുകള്‍ അനുവദിച്ചത്. 1400 കോടിയില്‍ 113.30 കോടി രൂപ കോഴിക്കോട് ജില്ലയ്ക്കാണ് ലഭിച്ചത്. 98 പ്രവൃത്തികളില്‍ 13 എണ്ണമാണ് ഈ ജില്ലയില്‍ ലഭിച്ചത്. മറ്റു ജില്ലകളെക്കാൾ കൂടുതല്‍ വിഹിതം കിട്ടിയത് ഈ ജില്ലയ്ക്കാണ്. ഇത്തരം കാര്യങ്ങളില്‍ ജനങ്ങളുടെ ഭരണഘടനാ ബോധവും സംസ്ഥാനത്തിന്റെ അവകാശങ്ങളെ പറ്റിയുള്ള ബോധവും ശക്തിപ്പെടണം. അഗസ്ത്യൻ മുഴിയിൽ നടന്നചടങ്ങിൽ ജോര്‍ജ് എം തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ വിനയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ടി എ റഹിം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുക്കം നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍, ഡപ്യുട്ടി ചെയര്‍പേഴ്‌സണ്‍ ഹരിദ മോയിന്‍കുട്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ്കുമാര്‍, വിവിധ സംഘടന പ്രതിനിധികളായ കെ സുന്ദരന്‍, കെ മോഹനന്‍, ടി ടി സുലൈമാന്‍, ടാര്‍സന്‍ ജോസ്, പി ജെ ജോസഫ്, സി ടി നളേശന്‍ എന്നിവർ സംസാരിച്ചു ത്രിതല ജനപ്രതിനിധികള്‍. ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ടി എസ് സിന്ധു സ്വാഗതവും ദേശീയപാത ബൈപാസ് ഉപവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പി ബി ബൈജു നന്ദിയും പറഞ്ഞു.