വടകര: അമിത വേഗത ചോദ്യം ചെയ്തതിന് കാല്‍നട യാത്രക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. അഴിയൂര്‍ ഗ്രീന്‍സ് ഹോസ്പിറ്റലിനടുത്ത് കിഴക്കേ പാലക്കൂല്‍ ഫര്‍സല്‍ (39), അഴിയൂര്‍ചുങ്കം ചെറിയത്ത് ഹൗസില്‍ ഷിനാസ് (30) എന്നിവരെയാണ് മാഹി പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്രമത്തില്‍ പരിക്കേറ്റ ചോറോട് പെരുമന ക്ഷേത്രത്തിനു സമീപം കൂടത്തില്‍ സി.കെ.വിനോദാണ് (47) മരിച്ചത്. മാഹി ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്നു വിനോദിനെയും സുഹൃത്ത് പ്രദീപ്കുമാറിനെയും അക്രമികള്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. തലയിടിച്ച് വീണ് സാരമായി പരിക്കേറ്റവിനോദ് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. അമിത വേഗതയില്‍ വാന്‍ ഓടിച്ചെത്തിയ ഫര്‍സലിനോട് എന്ത് പോക്കാണെന്ന് വിനോദും പ്രദീപ്കുമാറും ചോദിച്ചിരുന്നു. വാഹനം കുറച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം ഫര്‍സല്‍ ഇറങ്ങിവന്ന് ഇരുവരേയും നേരിടുകയായിരുന്നു. ഇതിനിടയിലാണ് ഷിനാസ് ഓടിയെത്തിയതും അക്രമിച്ചതും. മര്‍ദനത്തിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന്റെ നമ്പര്‍ രാത്രി തന്നെ ശേഖരിച്ച പൊലിസ് ഫര്‍സലിനെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ ഷിനാസിനെയും പിടികൂടി. വധശ്രമത്തിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും വിനോദ് മരണപ്പെട്ടതോടെ കൊലക്കേസാക്കി മാറ്റി. അക്രമത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് മാഹി പൊലിസ് അറിയിച്ചു. മര്‍ദനരംഗം പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.