വടകരയില്‍ മര്‍ദനമേറ്റ് മരിച്ച വിനോദിന് ഒരുലക്ഷം ധനസഹായം

വടകര: പ്രവര്‍ത്തകരെ കയറൂരി വിടുന്നതില്‍ നിന്നും എസ്.എഫ്.ഐ പിന്മാറണമെന്ന് കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാര്‍ഥി സംഘടനയെ തിരുത്താന്‍ സി.പി.എം നേതൃത്വം തയ്യാറാകണം. ശരിയായ ദിശയിലല്ല ക്യാമ്പസുകളിലെ രാഷ്ട്രീയം മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാവ് പൊലിസിനെ അക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അനിഷ്ട സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വടകരയില്‍ അമിത വേഗം ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ് മരിച്ച വിനോദിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറിക്കിയിരിക്കുകയാണ്. കലാലയങ്ങളിലും ലഹരി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ഇത് അപകടമാണെന്നും തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേട്ടു കേള്‍വി മാത്രമുള്ള ആള്‍ക്കൂട്ട കൊലപാതകമാണ് മാഹിയില്‍ നടന്നിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും എത്രയും പിടികൂടണമെന്ന് പോണ്ടിച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വിനോദിന്റെ കുടുംബത്തിത് ഒരു ലക്ഷം രൂപ സഹായധനം നല്‍കും. അഡ്വ. ഐ മൂസ, സതീശന്‍ കുരിയാടി,കൂടാളി അശോകന്‍, കെ.കെ റിനീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.