sexual-abuse

തൃത്താല: പട്ടിത്തറയിലെ സർക്കാർ സ്‌കൂളിലെ 59 വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണം ചെയ്ത ബേക്കറിയുടമ കക്കാട്ടിരി പൂലേരി വളപ്പിൽ കൃഷ്ണന് (57) വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി ജില്ല വിട്ടതായാണ് സൂചന. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെൺകുട്ടികളെയാണ് ഇയാൾ ലൈംഗിക ചൂഷണം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതിലൊരു വിദ്യാർത്ഥിയിൽ നിന്ന് പീഡന വിവരം സ്കൂൾ അധികൃതർ അറിയുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ കൂടുതൽ കുട്ടികൾക്ക് സമാന അനുഭവമുണ്ടായതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോസ്കോ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചൈൽഡ് ലൈൻ പത്തുകുട്ടികളിൽ നിന്ന് മൊഴി രേഖപ്പെടുത്തി. തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ ബാക്കി കുട്ടികളുടെ മൊഴി ഇന്നും നാളെയുമായി രേഖപ്പെടുത്തും. വർഷങ്ങളായി പ്രതി കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തുവരികയായിരുന്നു. കുട്ടികളുടെ ഫോട്ടോ മൊബൈലിലോ കാമറയിലോ പകർത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. പ്രതിയെ കസ്റ്റഡിയിലെടുത്താൽ മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത വരൂ.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽപ്പോയി. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും എറണാകുളത്തെ ബന്ധുവീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ 11ന് ഇയാളുടെ മൊബൈൽ മുടവന്നൂർ ടവർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. പ്രതിക്കെതിരെ അയൽ ജില്ലകളിലും തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം ഉർജിതമാക്കിയതായി തൃത്താല അഡി.എസ്.ഐ പി.മാരിമുത്തു പറഞ്ഞു.