robbery-

മുക്കം: ഓമശ്ശേരി ശാദി ജ്വല്ലറിയിൽ തോക്കു ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായത് ബംഗ്ലാദേശ് സ്വദേശി നഈംഅലി. ശനിയാഴ്ച രാത്രിയാണ് കവർച്ചയ്ക്കിടെ ഇയാൾ ജ്വല്ലറി ജീവനക്കാരുടെ പിടിയിലായത്. പിടിയിലായതോടെ ബോധരഹിതനായ ഇയാളെ പൊലീസ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ബോധം തെളിഞ്ഞ ശേഷം കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിൽ നിർണ്ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ഓമശേരിക്കടുത്ത പൂളപൊയിലിലും ചാത്തമംഗലം പഞ്ചായത്തിലെ കളൻതോടിലും താമസിച്ചിരുന്ന പ്രതികൾ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കവർച്ച നടത്തിയത്. രാത്രിയിൽ പൊതുവെ ആളുകൾ കുറവായ ഭാഗത്ത് പ്രവർത്തിക്കുന്ന ശാദി ജ്വല്ലറി കവർച്ചയ്ക്ക് തfരഞ്ഞെടുത്തത് അങ്ങനെയാണ്.

ജ്വല്ലറി ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി നിർത്തി ജ്വല്ലറിയിലെ മുഴുവൻ സ്വർണ്ണവും എടുത്ത് കടന്ന് കളയാനായിരുന്നു പ്ലാൻ. ബംഗാളിലോ ജാർഖണ്ഡിലോ സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുകയും നാട്ടിലേയ്ക്ക് തിരിച്ചു പോകുകയുമായിരുന്നു ലക്ഷ്യം. ജ്വല്ലറി ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഈ പ്ലാനെല്ലാം തകർന്നു. നഈം അലിയെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റു പ്രതികള കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാവും. നാടൻ പിസ്റ്റളാണ് നഈമിൽ നിന്ന് പിടിച്ചെടുത്തത്. ഇത്‌ ബംഗ്ലാദേശിൽ നിന്നു വാങ്ങിയതാണ്. കവർച്ചക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വെടിയുതിർത്ത് പരിഭ്രാന്തി സൃഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ പ്ലാനെന്നറിയുന്നു. സ്ഥലത്ത് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും പരിശോധന നടത്തി. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മൂന്നംഗ സംഘം ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി ആഭരണങ്ങൾ കവർന്നത് . മുഖം മൂടിയും കയ്യുറയും ധരിച്ചാണ് ഇവർ എത്തിയത്. 12.5 പവൻ തൂക്കത്തിലുള്ള 15 വളകളാണ് നഷ്ടപ്പെട്ടത്.