കോഴിക്കോട്: ആറു മാസത്തിലൊരിക്കൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന 'ഗോരക്ഷ'യുടെ 26ാമത് ഘട്ടം നാളെ മുതൽ തുടങ്ങുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരവികസന വകുപ്പ്, മിൽമ, വനം വകുപ്പ് തുടങ്ങിയവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പശുക്കളുടെ എണ്ണത്തിലും പാലുൽപാദനത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്തെ കാലിസമ്പത്തിന് ഏറ്റവും വലിയ ഭീഷണിയാണ് കുളമ്പ് രോഗം. പ്രതിവർഷം 4300 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഈ രോഗം മൂലം രാജ്യത്തിനുണ്ടാകുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് മാത്രമാണ് ഈ രോഗം നിയന്ത്രിക്കാനുള്ള പ്രായോഗിക പോംവഴി. 2004 മുതൽ കഴിഞ്ഞ 25 ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടപ്പിലാക്കിയ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ഫലമായി കേരളത്തിൽ കുളമ്പ് രോഗം നിയന്ത്രണ വിധേയമാണ്. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും കൃത്യമായി നടപ്പിലാക്കിയാൽ മാത്രമെ സംസ്ഥാനത്ത് നിന്ന് ഈ രോഗത്തെ നിർമാർജ്ജനം ചെയ്യാൻ സാധിക്കുകയുള്ളൂ.

# ഗോരക്ഷ

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയാണ് ഗോരക്ഷ. കുളമ്പുരോഗം ബാധിക്കുന്ന മൃഗങ്ങളിൽ(100 ശതമാനം) പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുകയും 75 ശതമാനം അധികം പ്രതിരോധശേഷി ഉറപ്പാക്കി 'ഹേർഡ് ഇമ്മ്യൂണിറ്റി' നേടുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

# എങ്ങനെ

ജില്ലയിൽ കുത്തിവെയ്പ്പിനായി 141 സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറും അറ്റന്ററും അടങ്ങിയതാണ് ഒരു സ്ക്വാഡ്. ഇവർ ഓരോ കർഷകനെയും സമീപിച്ച് ഉരുക്കളെ കുത്തിവെയ്പ്പിന് വിധേയമാക്കുകയും പശുവിന്റെ ചെവിയിൽ കമ്മലടിക്കുകയും ചെയ്യും. ഭാവിയിൽ ഗർഭധാരണത്തിനുള്ള കുത്തിവെയ്പ്പും ഇൻഷുറൻസ് പരിരക്ഷയുമടക്കം ഗവണമെന്റിന്റെ എന്ത് ആനുകൂല്യം ലഭിക്കാനും കമ്മൽ അഥവാ ഇയർടാഗ് നിർബന്ധമാക്കിയതുകൊണ്ട് കമ്മലടിപ്പിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഒരു പശുവിന് പത്ത് രൂപയാണ് കർഷകർ നൽകേണ്ടത്. നാലു മാസത്തിൽ താഴെ പ്രായമുള്ള പശുക്കുട്ടികൾ, രോഗമുള്ളവ എന്നിവയെ കുത്തിവെയ്പ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

# ജില്ലാതല ഉദ്ഘാടനം നാളെ

'ഗോരക്ഷ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ ഇളയടത്ത് ഫാമിൽ വെച്ച് നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിക്കും. നാളെ മുതലുള്ള 21 പ്രവൃത്തി ദിവസങ്ങളിൽ ജില്ലയിലെ ഒരു ലക്ഷത്തിൽ പരം ഉരുക്കളെ കുത്തിവെയ്പ്പിന് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ എം.പി സാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.ഡി.സി.പി ജില്ലാ കോ-ഓർഡിനേറ്റർ കെ നിനാകുമാർ, എ.ഡി.സി.പി ജില്ലാ എപ്പിഡെമിയോളജിസ്റ്റ് നിഷ എബ്രഹാം, പബ്ലിക് റിലേഷൻസ് ഓഫീസർ എം.ജി ബിന്ദു എന്നിവരും പങ്കെടുത്തു.