കോഴിക്കോട്: തകർന്ന് പോയ വീടിന് പകരം പുതിയ വീട് ലഭിച്ചതോടെ ജീവിതം തിരികെ കിട്ടിയെന്ന് നിറഞ്ഞ സന്തോഷത്തോടെ ചുടലക്കണ്ടിയിൽ കല്ല്യാണിയമ്മ പറയുന്നു. മഴയിൽ തകർന്ന വീട്ടിൽ നിന്നും സഹകരണ വകുപ്പിന്റെ കെയർഹോമിന്റെ തണലിലേക്ക് ചേക്കേറിയതാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുടലക്കണ്ടിയിൽ കല്യാണി അമ്മയും കുടുംബവും.
കഴിഞ്ഞ പ്രളയത്തിലാണ് കല്ല്യാണി അമ്മയുടെ ഷീറ്റ് കൊണ്ട് മറച്ച വീട് മഴയിൽ തകർന്നത്. താൽകാലിക ഷെഡ്ഡിന്റെ അരക്ഷിതത്വത്തിൽ നിന്നും മുഴുവൻ സൗകര്യങ്ങളുള്ള കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഈ വർഷം മാർച്ചിലാണ് ഇവർ താമസം മാറിയത്. രണ്ട് കിടപ്പുമുറികളും ഹാളും ശുചിമുറിയും വരാന്തയുമുള്ള 620 സ്‌ക്വയർഫീറ്റ് വീട് 6 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മിച്ചത്. അഞ്ച് ലക്ഷം രൂപ സർക്കാർ സഹായവും ബാക്കി ഒരു ലക്ഷം കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെതുമാണ്.
സർക്കാരും ബാങ്കും ജനകീയ പങ്കാളിത്തത്തോടെയാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. യു.എൽ.സി.സി.എസിന്റെ സാങ്കേതിക സഹായവും നിർമ്മാണ പ്രവൃത്തികൾക്ക് ഉണ്ടിയിരുന്നു. അന്ധനായ മരുമകന്റെ വരുമാനത്തിലാണ് കല്ല്യാണിയും മകളും രണ്ട് പേരക്കുട്ടികളും ജീവിക്കുന്നത്. തെരുവുകളിൽ പാട്ടുപാടി ലഭിക്കുന്ന വരുമാനത്തിൽ നിന്നും പുതിയ വീട് നിർമ്മിക്കുക എന്ന സ്വപ്നം ഈ കുടുംബത്തിന് വിദൂരമായ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിനാണ് സർക്കാരും കാരശ്ശേരി സർവ്വീസ് സഹകരണബാങ്കും ചേർന്ന് അടിത്തറയും ചുമരും മേൽക്കൂരയും ഒരുക്കിയത്.