ശക്തരായ രണ്ട് സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയ കടത്തനാടൻ അങ്കത്തിൽ കെ.മുരളീധരൻ ജയിച്ചു കയറി. മികച്ച പാർലമെന്റേറിയനായ അദ്ദേഹത്തിൽ നിന്ന് വടകരക്കാർ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷകൾ നിറവേറ്റുമെന്നും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പൊരുതുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പ് നൽകുന്നു. കെ. മുരളീധരൻ എം.പി. കേരളകൗമുദിയുമായി സംസാരിക്കുന്നു.
ഇടവേളയ്ക്കുശേഷം പാർലമെന്റിലെത്തുമ്പോൾ മാറ്റങ്ങളെന്തൊക്കെ ?
ഭരണകക്ഷിയുടെ നിലപാടിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ പൊതുബഡ്ജറ്റ്, റെയിൽവേ ബഡ്ജറ്റ് എന്നിവയിലൊന്നും രാഷ്ട്രീയ അതിപ്രസരം കണ്ടിരുന്നില്ല. പക്ഷേ ഇത്തവണ റെയിൽവേ ബഡ്ജറ്റിൽ പോലും മോദി സ്തുതിഗീതങ്ങളാണ് കേട്ടത് . 12 വർഷം എം.പിയായിരുന്നു. അക്കാലത്തൊന്നും കാണാത്ത തരത്തിൽ ബഡ്ജറ്റിൽ രാഷ്ട്രീയകലർപ്പുണ്ടായി. ഭരണകക്ഷിയുടെ ധിക്കാരം പ്രകടമാണ്. പ്രധാനമന്ത്രി മുതൽ ബി.ജെ.പി എം.പിമാർ വരെ ഇക്കാര്യത്തിൽ മത്സരിക്കുന്നു. പ്രതിപക്ഷത്തിന്റെ സേവനം ആവശ്യമില്ലെന്ന തരത്തിലാണ് പെരുമാറ്റം. ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. ലോക്സഭയുടെ വേദി ബംഗാൾ മുഖ്യമന്ത്രിയെ അവഹേളിക്കാൻ ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമാണ്.
കോൺഗ്രസ് നേതൃത്വം നൽകുന്ന മുഖ്യപ്രതിപക്ഷം, യു.പി.എയ്ക്ക് പുറത്ത് നിൽക്കുന്ന, എന്നാൽ എൻ.ഡി.എയെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷം, പ്രതിപക്ഷത്തിന്റെ റോൾ അഭിനയിക്കുന്ന മറ്രൊരു പ്രതിപക്ഷം എന്നിവയാണ് സഭയിലുള്ളത്.
കേരളം കണ്ട വലിയ രാഷ്ട്രീയ പോരാട്ടത്തിൽ സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ മണ്ഡലത്തിലാണ് ജയിച്ചുകയറിയത്, എന്തു തോന്നുന്നു ?
അക്രമരാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമാണ് വടകരയിലെ ജനവിധി വ്യക്തമാക്കുന്നത്. അതിന് രാഷ്ട്രീയഭേദം ഉണ്ടായിട്ടില്ല. വടകരയിൽ വികസനത്തേക്കാൾ കൂടുതലായി അക്രമരാഷ്ട്രീയമാണ് ചർച്ചയായത്. അല്ലെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷത്തിന് ജയിക്കാനാകില്ല. കോൺഗ്രസ് മുന്നണി 77ൽ 20ൽ 20തും ജയിച്ച കാലത്ത് വടകരയിൽ 8000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിട്ടുള്ളൂ. പുതിയ തലമുറ അക്രമത്തിനെതിരാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യൂണിവേഴ്സിറ്റി കോളേജിൽ ഇപ്പോൾ കണ്ടത്. ബി.ജെ.പിക്കെതിരായ മതേതരത്വ വോട്ടുകളും ലഭിച്ചു.
ഇടതുപക്ഷത്ത് നിൽക്കുന്നവരുടെ പിന്തുണ തിരഞ്ഞെടുപ്പിൽ ലഭിച്ചോ ?
യു.ഡി.എഫിന് ശക്തനായ സ്ഥാനാർത്ഥി വരണമെന്ന് ഇടതുപക്ഷ പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. അല്ലെങ്കിൽ എങ്ങനെ 84000 വോട്ടിന് ജയിക്കാൻ പറ്റും. ഫീൽഡിൽ നിന്ന് അത്തരത്തിലുള്ള ഫീഡ്ബാക്ക് കിട്ടിയിരുന്നു. അതുകൊണ്ടാണ് ജയിക്കുമെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞത്. ഭൂരിപക്ഷം മിനിമം 15000 ആയിരുന്നു അപ്പോൾ പ്രതീക്ഷിച്ചിരുന്നത്. അവസാനഘട്ട വിലയരുത്തലിൽ 50000 ആണ് പ്രതീക്ഷിച്ചിരുന്നത്.
വടകരയുടെ വികസന മുന്നേറ്റത്തിന് എന്തൊക്കെ പദ്ധതികളാണ് മനസിലുള്ളത് ?
വയനാട്ടിലേക്കുള്ള ബദൽറോഡ്, പടിഞ്ഞാറേത്തറ - പൂഴിത്തോട് റോഡും കാവിലുംപാറ വഴി ചുരമില്ലാത്ത റോഡും പരിഗണനയിലുണ്ട്. തലശേരി - മൈസൂർ റെയിൽപാത കുടകിലെ എതിർപ്പുകാരണം നിലച്ചിരിക്കുകയാണ്. ഇത് നടപ്പാക്കുക പ്രധാന ലക്ഷ്യമാണ്. കുടകിലെ ജനങ്ങളുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. മറ്റൊരു മാർഗമായി മുന്നിലുള്ളത് പതിനൊന്ന് കിലോമീറ്റർ ടണൽ നിർമ്മിക്കുകയെന്നതാണ്. ഇതിന് അനുകൂലമായ രാഷ്ട്രീയ തീരുമാനം ഉണ്ടാവേണ്ടതുണ്ട്. വലിയ ചെലവ് വരും. കേന്ദ്രസർക്കാർ എത്രത്തോളം താത്പര്യമെടുക്കുമെന്ന് കണ്ടറിയണം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനം നടക്കുന്നുണ്ട്. വടകരയുടെയും തലശ്ശേരിയുടെയും പ്രപ്പോസൽ നൽകിയിട്ടുണ്ട്. പി.പി.പി സമ്പ്രദായത്തിലെങ്കിലും വികസിപ്പിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. പാസ്പോർട്ട് സേവാകേന്ദ്രം തലശേരിയിൽ ആരംഭിക്കാൻ ശ്രമിക്കുന്നുണ്ട്. സെൻട്രൽ സ്കൂൾകെട്ടിടത്തിന്റെ കാര്യവും പ്രാധാന്യത്തോടെ കാണുന്നു.
കേന്ദ്രസർക്കാരിന് കേരളത്തോടുള്ള സമീപനം എങ്ങനെയാണ് ?
ദേശീയപാതയുടെ കാര്യത്തിൽ അധികം നഷ്ടപരിഹാരം കൊടുക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ എടുത്തത്. ജനങ്ങളെ അടിച്ചോടിച്ചിട്ട് നടത്താൻ പറ്റില്ല. ജനസാന്ദ്രത കൂടിയ സ്ഥലമാണ് കേരളം. കേരളത്തിൽ ഭൂമിയുടെ വില കൂടുതലായതിനാൽ സ്ഥലമെടുപ്പിന് സാധിക്കുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞത്. നിതിൻ ഗഡ്കരിയ്ക്ക് കേരളത്തിൽ പദ്ധതികൾ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സർക്കാരിന് അത്ര താത്പര്യമില്ല. രാഷ്ട്രീയം വികസനത്തിൽ കടന്നു വരുന്നുണ്ട്.
വടകരയിലെ പരിപാടികളിൽ നിന്ന് എം.പിയെ ഒഴിവാക്കുന്നെന്ന ആരോപണം ശരിയാണോ ?
സംസ്ഥാനസർക്കാരിന് എം.പിമാരോട് അത്ര ഇഷ്ടമില്ല. പാർലമെന്റ് നീണ്ട സമ്മേളനം കൂടുമ്പോൾ എം.പിമാരുടെ യോഗം സാധാരണ വിളിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. സത്യപ്രതിജ്ഞ കഴിഞ്ഞില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് യോഗം ഒഴിവാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ ചടങ്ങിൽ രാഹുൽഗാന്ധിയെ അറിയിക്കാതെ അദ്ദേഹത്തിന്റെ പേര് വച്ചു. രാഘവനെയും എന്നെയും അറിയിച്ചതുമില്ല. ആ റോഡ് കിടക്കുന്ന വയനാട് ചുരം കോഴിക്കോട് വയനാട് , വടകര, മണ്ഡലങ്ങളിലാണ് കിടക്കുന്നത്. അതേസമയം ആലപ്പുഴയിലൊക്കെ ആരിഫിനെ വിളിക്കുന്നുമുണ്ട്. മലബാറിൽ എന്റെയും എം.കെ. രാഘവന്റെയും പേരൊന്നും എവിടെയും കണ്ടിട്ടില്ല.
സംസ്ഥാന സർക്കാർ സമീപനം പ്രതിസന്ധിയാകുന്നുണ്ടോ?
രണ്ട് പേരുടെയും പൊതുസ്വഭാവം ഒന്നാണ്. അസഹിഷ്ണുത രണ്ട് പേർക്കുമുണ്ട്. ആർ.എസ്.എസിന്റെ അതേതരത്തിലുള്ള അസഹിഷ്ണുത തന്നെയാണ് യൂണിവേഴ്സിറ്റി കോളേജിലും കാണുന്നത്. ആശയം വ്യത്യസ്തമാണെങ്കിലും ഘടന ഒന്നുതന്നെയാണ്.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത അവസ്ഥ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ?
കേരളത്തിൽ അടുത്ത രണ്ട് വർഷത്തിന് ശേഷം അധികാരത്തിൽ വരും. 91ൽ ആറ് സംസ്ഥാനങ്ങളിൽ മാത്രമേ ഭരണം ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവുമാണ് കോൺഗ്രസ് ഭരിക്കുന്നത്. കോൺഗ്രസ് തിരിച്ചുവരും.
വിശ്വാസികളുടെ പിന്തുണ ലഭിച്ചെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തൽ, വടകരയിലുണ്ടോ ?
ജാതി - മത വ്യത്യാസമില്ലാതെ എല്ലാവിഭാഗം വിശ്വാസികളും ഒപ്പം നിന്നു. അതിന്റെ വോട്ട് കിട്ടിയിട്ടുണ്ട്. സാധാരണ മുന്നാക്കക്കാരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ഒരേ മുന്നണിക്ക് ഒരേസമയം വോട്ട് ചെയ്യാറില്ല. ജാതിയും മതവും നോക്കിയല്ല സ്ഥാനാർത്ഥികളെ നിറുത്തിയത്. ഞാൻ തന്നെ പെട്ടെന്ന് വന്നതാണ്.