വടകര: മാലിന്യ - ശുചിത്വ മേഖലയിൽ മികവാർന്ന പ്രവർത്തനം നടത്തുന്ന അഴിയൂർ ഗ്രാമ പഞ്ചായത്തിന് കോഴി മാലിന്യ സംസ്കരണ പദ്ധതിയുടെ രണ്ടാം ഗഡു തുക ലഭിച്ചു. കഴിഞ്ഞ 8 മാസത്തിനുള്ളിൽ 11 കോഴി കടകളിൽ നിന്നായി 62562 കിലോ കോഴി മാലിന്യം സംസ്കരിച്ചത് വഴി 6248 രൂപ പഞ്ചായത്തിന് വരുമാനം ലഭിച്ചു. പളാസ്റ്റിക്ക് മാലിന്യം പൊടിച്ച് 40,000 കിലോ നൽകിയതിലൂടെ വരുമാനം നേടിയതിന് പുറകെയാണ് അഴിയൂർ പഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക്ക് പ്രൊഡകട് പ്രൈവൈറ്റ് ലിമിറ്റണ്ടുമായി ചേർന്നാണ് കോഴി മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നത്. കോഴി കടകളിൽ ബാങ്കുമായി ചേർന്ന് ഫ്രീസർ സ്ഥാപിക്കുകയും പ്രസ്തുത ഫ്രീസറിൽ സൂക്ഷിക്കുന്ന കോഴി മാലിന്യം പ്രേത്യേക വണ്ടിയിൽ എല്ലാ ദിവസവും താമരശ്ശേരിയിൽ കൊണ്ട് പോയി സംസ്കരിക്കുകയുമാണ് ചെയ്യുന്നത്. ഒരു കിലോവിന് 7 രൂപ ഈടാക്കിയാണ് മാലിന്യം കൊണ്ട് പോകുന്നത്. പട്ടികൾക്ക് കൊടുക്കുന്ന ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഉൽപ്പന്നമാണ് കമ്പനി ഉദ്പാദിപ്പിക്കുന്നത്. പഞ്ചായത്തിൽ നടന്ന കോഴി കച്ചവടക്കാരുടെ അവലോകന യോഗത്തിൽ രണ്ടാം ഗഡു തുക 4898 രൂപ യുടെ ചെക്ക് കമ്പനി മാനേജർ യൂജിൻ ജോൺസൺ ഇ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ്ബിന് കൈമാറി, ചടങ്ങിൽ വൈസ് പ്രസിഡണ്ട് റീന രയരോത്ത്, പഞ്ചായത്ത് മെംബർമാരായ പി.പി.ശ്രീധരൻ, മഹിജ തോട്ടത്തിൽ, സുകുമാരൻ കല്ലറോത്ത്, അലി മനോളി, ശ്രീജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, ചിക്കൻ വ്യാപാരി പ്രതിനിധി അഷറഫ് റോയൽ ചിക്കൻസ്റ്റാൾ എന്നിവർ സംസാരിച്ചു. ജില്ലയിൽ കോഴി മാലിന്യം ശാസ്ത്രിയമായി സംസ്കരിക്കുന്ന ഗ്രാമപഞ്ചായത്താണ് അഴിയൂർ.