കോഴിക്കോട് : കർക്കിടകത്തിൽ ചിട്ടയായ ജീവിത ശൈലിയിലൂടേയും ഭക്ഷണത്തിലൂടേയും ശരീരത്തെയും മനസിനെയും കരുത്താർജ്ജിപ്പിക്കാൻ കഴിയുമെന്ന സന്ദേശം പകരാൻ കോഴിക്കോട് ബി.ഇ.എം എൽ പി സ്കൂൾ "താളും തകരയും കള്ളകർക്കിടവും" എന്ന പേരിൽ പരമ്പരാഗത തനിമയുള്ള ഭക്ഷ്യമേള നടത്തി.

കർക്കിടകമാസത്തിൽ പത്തിലകൾ കഴിക്കണമെന്നാണ് ആചാര്യൻമാർ പറയുന്നത്. താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, ചീര, ചേന, ചേമ്പ്, നെയ്യുരുണി, ആനക്കൊടിത്തൂവ എന്നിവയാണു പൊതുവെ പത്തിലയായി അറിയപ്പെടുന്നത്. ഇവ കൊണ്ടുണ്ടാക്കിയ 200 ഓളം വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഇതു കൂടാതെ നാടൻ വിഭവങ്ങളായ ചെണ്ടൻ കപ്പയും കാന്താരിമുളകും കഞ്ഞിയും,​ പുഴുക്കും ,​കാന്താരി ചമ്മന്തിയും മീൻകറിയും ഉണ്ട്.

മത്തൻ ഇല, ചേമ്പിൻെറകൂമ്പ്, ചേമ്പിൻതാൾ, പയർ, പടവലങ്ങ എന്നിവ ചേർത്തുള്ള തോരൻ,​ മുതിര ഉപ്പേരി,​ നാരങ്ങാചമ്മന്തി,​ വിവിധ തരം ഉണ്ണി അപ്പങ്ങൾ,​ തേങ്ങാപ്പാൽ പുഡിങ്ങ്,​ കുമ്പിളപ്പം,​ ഗോതമ്പ് പായസം,​ ചെറുപയർ പായസങ്ങൾ, ചേമ്പ് റോസ്റ്റ് തുടങ്ങിയവ മേളയിൽ താരങ്ങളായി.

ഇവക്കൊപ്പം തന്നെ പത്തിനം ഔഷധക്കഞ്ഞികൾ (പൊടിയരിക്കഞ്ഞി, ജീരകക്കഞ്ഞി, പാൽക്കഞ്ഞി, ഓട്സ്കഞ്ഞി, നവരക്കഞ്ഞി, ഉലുവാക്കഞ്ഞി, നെയ്ക്കഞ്ഞി, ഗോതമ്പ് കഞ്ഞി, ദശപുഷ്പക്കഞ്ഞി) പത്തിലക്കറികൾ, ഔഷധ ചമ്മന്തികൾ, കർക്കിടക മരുന്നുകൾ,​ വിവിധതരം സൂപ്പുകൾ, അടകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയും ഫെസ്​റ്റിലുണ്ട്.

വേറിട്ട രുചികളാലും വ്യത്യസ്ത വിഭവങ്ങളായും മേള സമ്യദ്ധമായിരുന്നു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തത്തോടെ നടത്തിയ മേള കുട്ടികളിൽ പഴമയുടെ അനുഭവം തന്നെയായിരുന്നു.

സി എസ് ഐ കോർപ്പറേറ്റ് മാനേജർ ഡോ ടി .ഐ ജയിംസ് മേള ഉദ്ഘാടനം ചെയ്തു. ഡോ ഹരിത പി എസ് കർക്കിടകമാസവും ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.പി ടി എ പ്രസിഡൻറ് ജോഷി പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. പീറ്റർ ദേവദാസ് പി.വി. ,ശബ്ന, ജീന കെ സി തുടങ്ങിയവർ പങ്കെടുത്തു.