dress-march

കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കോഴിക്കോട് സീ ക്യൂൻ ഹോട്ടലിന് മുന്നിൽ ഇന്നലെ രാവിലെ പുതിയൊരു സമരം അരങ്ങേറി.ലുങ്കി മാർച്ച്.ലുങ്കി ഉടുത്ത് വന്നയാൾക്ക് ഹോട്ടലിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപി‌ച്ചാണ് ഏതാനും പേർ ലുങ്കി ഉടുത്ത് പ്ളകാർഡും ബാനറുമായി മാർച്ച് നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തര മണിയോടെയാണ് സമരത്തിന് ആധാരമായ സംഭവമുണ്ടായത്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കരീമിനെയും സംഘത്തെയും ലുങ്കി ഉടുത്തതിന്റെ പേരിൽ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം.ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്.മൗലികാവകാശത്തിൽ ഇടപെട്ടാൽ പ്രതിഷേധിക്കുകതന്നെ ചെയ്യുമെന്ന് കരീം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലുങ്കി ഉടുത്ത് വന്നാൽ ഹോട്ടലിൽ പ്രവേശിപ്പിക്കുകയില്ലെന്ന് പറഞ്ഞപ്പോൾ ഇത് എഴുതി നൽകണമെന്ന് കരിം ആവശ്യപ്പെട്ടു. ഹോട്ടൽ മാനേജർ ഇപ്രകാരം എഴുതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഏതാനും ജീവനക്കാർ വന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിനിടയിലാണ് രണ്ട് പേർ ട്രൗസർ ധരിച്ച് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോവുന്നത് ശ്രദ്ധയിൽപ്പെട്ടത്.ട്രൗസർ ധരിച്ച് ഹോട്ടലിൽ പ്രവേശിക്കാമോയെന്ന ചോദ്യത്തിന് അനുകൂലമായി മറുപടി കിട്ടിയപ്പോൾ താൻ ലുങ്കി അഴിച്ച് കൗണ്ടറിൽ ഏല്പിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ മാനേജ്മെന്റിന്റെ വിശദീകരണം മറ്റൊരു തരത്തിലാണ്.ഹോട്ടലിൽ മൂന്ന് ഭക്ഷണശാലകൾ ഉണ്ട്. ഇതിൽ കുടുംബസമേതം എത്തുന്നവർക്കുള്ള ഭക്ഷണശാലയിൽ മാത്രമേ ലുങ്കിക്ക് നിയന്ത്രണമുള്ളു.രാത്രി ഹോട്ടലിൽ എത്തിയ കരീം ലുങ്കി ഉടുത്ത് കുടുംബസമേതം എത്തുന്നവർക്കുള്ള ഭക്ഷണശാലയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വിവരം പറഞ്ഞു. കുപിതനായ കരീം പരസ്യമായി ലുങ്കി അഴിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ മാത്രമാണ് ജീവനക്കാർ ശ്രമിച്ചതെന്നും അവർ വിശദീകരിച്ചു.

തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കരീമിന്റെ പരാതിയിൽ ഒരു ഹോട്ടൽ ജീവനക്കാരന്റെ പേരിൽ കോഴിക്കോട് ടൗൺ പൊലീസ് കേസ് എടുത്തു.