@ പ്രതിപക്ഷം എതിർത്തിട്ടും അജണ്ട പാസാക്കി

കോഴിക്കോട്: കോർപ്പറേഷനിലേക്ക് സ്ഥിരനിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റിയിൽ സി.പി.എം പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഐ.സി.ഡി.എസ് അർബൻ ഒന്ന് പ്രൊജക്ടിലെ 43 ഹെൽപ്പർമാരുടെ ഒഴിവിലേക്ക് സ്ഥിരനിയമനം നടത്തുന്നതിന് രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിക്കെതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്.

മുൻകൗൺസിലർമാരും സി.പി.എമ്മിന്റെ സജീവ പ്രവർത്തകരുമായ കാനങ്ങോട്ട് ഹരിദാസൻ, കെ.സീനത്ത്, എം.റിയാസ് എന്നിവരെയാണ് സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിന് വേണ്ടിയാണ് കോർപ്പറേഷൻ ഭരിക്കുന്ന പാർട്ടിയുടെ തന്നെ അംഗങ്ങളെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. എതിർപ്പിനെ തുടർന്ന് വോട്ടിനിട്ട് അജണ്ട പാസാക്കിയത്. സെലക്ഷൻ കമ്മിറ്റിയ അനുകൂലിച്ച് 47 ഭരണപക്ഷ അംഗങ്ങളും, എതിർത്ത് 21 പ്രതിപക്ഷ അംഗങ്ങളും വോട്ടുചെയ്തു. ഇതിൽ 14 പേർ യുഡിഎഫ് അംഗങ്ങളും ഏഴുപേർ ബിജെപി അംഗങ്ങളുമാണ്.

മുസ്ലീം ലീഗ് അംഗം കെ.ടി. ബീരാൻകോയയാണ് അഴിമതി ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. സി.പി.എം അനുഭാവികൾക്ക് മാത്രമേ സ്ഥിരനിയമനം ലഭിക്കുകയുള്ളൂ. മേയർ ചെയർമാനും ശിശുവികസന പദ്ധതി ഓഫീസർ കൺവീനറുമായുള്ള കമ്മിറ്റിയിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗം, ബി.ഡി.ഒ, പ്രൈമറി ഹെൽത്ത്സെൻററിലെ മെഡിക്കൽ ഓഫീസർ, ഐ.സി.ഡി.എസ് ജില്ലാതല സെൽ പ്രോഗ്രാം ഓഫീസർമാർ എന്നിവരും അംഗങ്ങളാണ്. ഇവർക്ക് പുറമേയാണ് മൂന്ന് സാമൂഹ്യപ്രവർത്തകരെ കൂടി ഉൾപ്പെടുത്തുന്നത്.

ക്ഷേമകാര്യസ്ഥിരം സമിതിയിൽ ചർച്ചനടത്തി ഐക്യകണ്‌ഠേന അംഗങ്ങളെ തീരുമാനിച്ചതെന്ന് സ്ഥിരംസമിതി ചെയർമാൻ അനിതാ രാജൻ പറഞ്ഞു. ഇതു ശരിയല്ലെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ഒ.ശരണ്യയും, റഹ്യയും ചൂണ്ടിക്കാട്ടി. മേയറോടും പാർട്ടി ലീഡേഴ്‌സിനോടും ആലോചിച്ചാണ് മൂന്ന് അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് അനിതാ രാജൻ സ്ഥിരംസമിതി യോഗത്തിൽ പറഞ്ഞതായി ഒ.ശരണ്യ ആരോപിച്ചു. മേയർ കമ്മിറ്റിയംഗങ്ങളെ തീരുമാനിക്കുമെന്ന് അനിതാരാജൻ യോഗത്തിൽ പറഞ്ഞതായി റഹി യയും പറഞ്ഞു.

"സാമൂഹിക പ്രവർത്തകരെന്ന പേരിൽ കമ്മിറ്റിയിലേക്ക് കൊണ്ടുവരുന്ന മൂന്നുപേരും സി.പി.എമ്മുകാരാണ്. 43 സ്ഥിരനിയമനം നടത്തുന്നതിനു പിന്നിലെ വൻ അഴിമതിയാണ് ലക്ഷ്യം. കമ്മിറ്റയിൽ ഉൾപ്പെടുത്തിയവരിൽ ഒരാൾ മുമ്പും അഴിമതി ആരോപണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടുപേർ മുൻ കൗൺസിലർമാരുമാണ്" ....

കെ.ടി. ബീരാൻകോയ