ബാലുശ്ശേരി: തേനാക്കുഴി ഒരു മാതൃകയാണ്. നാട്ടുകാർ ഒന്നിച്ചാൽ അധികാര സ്ഥാനത്തുള്ളവർ മണ്ണിലിറങ്ങും.

ഒരാഴ്ചക്കുള്ളിൽ 16 പേർ അപകടത്തിൽപ്പെട്ടെങ്കിലും കണ്ണുതുറക്കേണ്ടവർ കണ്ണു തുറന്നില്ല. പക്ഷേ ഇനിയൊരു അപകടം തേനാക്കുഴി റോഡിലെ കുഴികളിൽ വീണ് ഒരാൾക്കും ഉണ്ടാവരുതെന്ന് ഈ നാട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. അവർ കൈക്കോട്ടും അരിവാളും വാക്കത്തിയുമായി അവർ റോഡിലിറങ്ങി. ഇതോടെ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറിനും വെറുതെ ഇരിക്കാനായില്ല. അദ്ദേഹവും ഒപ്പം കൂടി.

ചൊവ്വാഴ്ച രാവിലെ മുതൽ സന്ധ്യയാവും വരെ തേനാക്കുഴി ഒന്നടങ്കം ശുചീകരണ പ്രവത്തിയും റോഡിലെ കുഴികൾ അടയ്ക്കുന്നതിൽ വ്യാപൃതരായിരുന്നു. ജീവൻ അപകടത്തിലാവുന്ന കുഴികളായിരുന്നു റോഡിൽ ഉണ്ടായിരുന്നത്. വട്ടോളി ബസാാർ സ്വദേശി റിട്ട. എസ്.ഐ, ബാലുശ്ശേരി ഹൈസ്കൂളിന് സമീപമുള്ള അച്ഛനും അമ്മയും കൊച്ചു കുട്ടിയും കുഴിയിൽ ചാടി ഇലഞ്ഞിമരത്തി ൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ ഇയ്യാട് സ്വദേശികൾ, പരിക്കേറ്റ് ബാലുശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികൾ, രണ്ട് കോളേജ് വിദ്യാർത്ഥിനികൾ എല്ലാവരും ഇരുചക്രവാഹന അപകടത്തിൽ പ്പെട്ടവർ, കാറ് ഇലഞ്ഞി മരത്തിലിടിച്ച് തലയ്ക്ക് മുറിവേറ്റ ഉമ്മയും കൈക്ക് പൊട്ടലേറ്റ മകൻ എന്നിങ്ങനെ നീളുന്നു തേനാക്കുഴിയിലെ അപകടങ്ങളിൽ കുടുങ്ങിയവരുടെ കണക്കുകൾ. റോഡിലെ കുഴി അടച്ചതോടെ

ഇതിനെല്ലാം താല്ക്കാലിക ശമനമുണ്ടായിരിക്കുകയാണ് . കഴിഞ്ഞ ദിവസം വരെ റോഡരികുകൾ കാടുമൂടപ്പെട്ടുകിടക്കുന്നതിനാൽ കാൽനട യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികൾക്കും അരികിലേക്ക് മാറി നില്കാൻ പോലും കഴിയിില്ലായിരുന്നു. റോഡിലേക്ക് ചേർന്ന് കിടക്കുന്ന കാടുകളും മൺതിട്ടകളും നീക്കം ചെയ്തതോടെ ഗതാഗതവും കാൽനട യാത്രയും സുഗമമാക്കാൻ തേനാക്കുഴിയുടെ സ്വന്തം ഈ ദ്രുത കർമ്മ സേനയ്ക്ക് കഴിഞ്ഞു.

നാട്ടിലെ അപകട ശ്രേണിക്ക് താല്ക്കാലിക വിരാമമിട്ടതിൽ അഭിനന്ദന പ്രവാഹവുമായി ആദ്യമെത്തിയത് ശിവപുരം എസ്.എം.എം.എ.യു.പി സ്കൂൾ അദ്ധ്യാപകരാണ്. തുടർന്ന് സാമ്പത്തിക സഹായവുമായി വാഹന ഉടമകളും ചില ബസ്സ് ജീവനക്കാരും ഇവരെ സമീപിച്ചെങ്കിലും സ്നേഹപൂർവ്വം അവയെല്ലാം നിരസിക്കുകയായിരുന്നു. സ്വമേധയാ മുന്നിട്ടിറങ്ങിയവരാണ് ഓരോരുത്തരും. വരും ദിനങ്ങളിലും ഇത്തരം പ്രവൃത്തികൾ തുടരുമെന്നും തേനാക്കുഴി നിവാസികൾ പറഞ്ഞു.