കോഴിക്കോട്: ആം ആദ്മി ദേശീയ നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെ അംഗത്വവിതരണം ജൂലായ് 20ന് നടക്കും. വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ജില്ലാ കോൺഗ്രസ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും വളണ്ടിയർമാർ പാർട്ടി അംഗത്വം ഏറ്റുവാങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആം ആദ്മി മുൻ സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി അംഗം വിനോദ് മേക്കോത്ത്, മുൻ ജില്ലാ ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ജില്ലയിലെ 40 പ്രവർത്തകരാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. ഡൽഹിയിൽ മാത്രം അധികാരം നിലനിർത്താൻ ലക്ഷ്യമിടുന്ന പ്രദേശിക കക്ഷിയായി ആം ആദ്മി അധ:പതിച്ചുവെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതിനൊടൊപ്പം നിൽക്കണമെന്ന തീരുമാനം ഒരു ചർച്ച പോലുമില്ലാതെയാണ് ദേശീയ നേതൃത്വം പ്രവർത്തകർക്കുമേൽ അടിച്ചേൽപ്പിച്ചത്. അതിൽ പ്രതികരിച്ചതിനാണ് സംസ്ഥാന കൺവീനറായ സി.ആർ നിലകണ്ഠനെ പുറത്താക്കിയത്.
വാർത്താസമ്മേളനത്തിൽ വിനോദ് മേക്കോത്ത്, പ്രീത ജോസ് കാട്ടാംകോട്ടിൽ, എസ്.എ ജംഷീർ, ഫൈസൽ നടുവട്ടം, കെ.എം പവിത്രൻ എന്നിവർ പങ്കെടുത്തു.