കോഴിക്കോട്: സ്‌കൂളുകളിൽ ആരംഭിക്കുന്ന സൈക്കിൾ ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായുള്ള സൈക്കിൾ കാർണിവൽ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. 26 വരെ വരെയാണ് സൈക്കിൾ കാർണിവൽ. കാരപ്പറമ്പ് ജി.എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിക്കും. എ.പ്രദീപ് കുമാർ എം.എൽ.എ മുഖ്യാതിഥിയാവും.
ജില്ലാ വിദ്യാഭ്യാസ വകുപ്പ്, കേരള മാരിടൈം ബോർഡ്, ഹയർസെക്കന്ററി വിഭാഗം എൻ.എസ്.എസ്, ഹരിത കേരള മിഷൻ, ഡി.ടി.പി.സി, എൻ.സി.സി, ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വന്തമായി സൈക്കിൾ സ്വപ്നമായി കൊണ്ടുനടക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്നതിനായി കോഴിക്കോട് ജില്ലാ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൈക്കിൾ സ്മൈൽ ചാരിറ്റി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. പുനരുപയോഗത്തിന് സാധ്യമായ സൈക്കിളുകൾ സ്വീകരിക്കുന്നതിനായി ഹരിത കേരള മിഷന്റെയും കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പുറപ്പെടുന്ന ഗ്രീൻ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിക്കും.
വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെയും ഗ്രീൻ കെയർമിഷൻ ഗ്രാന്റ് സൈക്കിൾ ചാലഞ്ചിന്റെയും നേതൃത്വത്തിലാണ് സൈക്കിൾ ബ്രിഗേഡിന്റെ ഭാഗമായി കാലിക്കറ്റ് സൈക്കിൾ കാർണിവൽ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ വിവിധ മിഷനുകളുടെ പ്രചാരകരാക്കി വിദ്യാർത്ഥികളെ മാറ്റാനും മികച്ച രീതിയിൽ സൈക്കിൾ ഉപയോഗിക്കാനും കുട്ടികളെ പ്രാപ്തരാക്കാനാണ് സൈക്കിൾ ബ്രിഗേഡ് പദ്ധതി ആരംഭിച്ചത്.
@ 24 മുതൽ വിവിധ പരിപാടികൾ
24 മുതൽ 26 വരെ കോഴിക്കോട് മർച്ചന്റ് നേവി ഹാളിന് എതിർ വശമുള്ള മാരിടൈം ഗ്രൗണ്ടിൽ ഇ-ബൈസിക്കിൾ എക്സ്പോ, സൈക്കിൾ ക്ലിനിക്ക്, സൈക്കിൾ കഫേ, ഡകാത്ത്ലോൺ എക്സ്പീരിയൻസ്, സൈക്കിൾ ലേലം തുടങ്ങിയ വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ജൂലൈ 26 ന് വൈകീട്ട് 3 മണിക്ക് സൈക്കിൾ ബ്രിഗേഡ് പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്നവരുടെ സംഗമവും നടക്കും. 4 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ കാലിക്കറ്റ് സൈക്കിൾ ബ്രിഗേഡ് ലോഞ്ചിംഗ് നിർവഹിക്കും