ഉള്ള്യേരി: ചക്കയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താനുമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 'ചക്ക മഹോത്സവം ' പരിപാടി ആരംഭിച്ചു. ഉള്ളിയേരി ബസ് സ്റ്റാൻഡ് പരിസരത്താണ് വിവിധ ചക്ക വിഭവങ്ങളോടെ ചക്ക മഹോത്സവം ആരംഭിച്ചിരിക്കുന്നത് .വ്യാപാരി വ്യവസായി നേതാവ് കെ.മധുസൂദനന് ചക്ക നൽകി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഇവിടെ ഒരുക്കിയ സ്റ്റാളിൽ വിവിധയിനം ചക്ക ഉല്പന്നങ്ങൾ പ്രദർശനത്തിനും വില്പനയ്ക്കും ലഭ്യമാണ്. ചക്കപ്പായസം, ചക്ക അച്ചാർ, ചക്കപ്പുഴുക്ക്, ചക്ക പുട്ട് പൊടി, ചക്ക പൊരിച്ചത്, ചക്ക ജാം, ചക്ക പേട, ചക്കക്കുരു കനലിൽ ചുട്ടത് തുടങ്ങി അമ്പതിലേറെ ചക്ക ഉല്പന്നങ്ങൾ മാത്രമല്ല വിശേഷപ്പെട്ട ഇനം പ്ലാവിൻതൈകളായ ചുവന്ന ചുളയുള്ളത്, കറയില്ലാത്ത ഇനം, തേൻവരിക്ക, ചെമ്പടാക്ക്, ഡൂരിയാൻ തുടങ്ങിയ ഇനങ്ങളും സ്റ്റാളിലെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. നാട്ടു നന്മയുടെ മധുരസന്ദേശവുമായി ഇന്നും നാളെയും സ്റ്റാൾ ഉണ്ടായിരിക്കും.
ബിന്ദു കളരിയുള്ളതിൽ, സി.കെ രാമൻകുട്ടി, സുജാത നമ്പൂതിരി, കെ അനിത, രാധാകൃഷ്ണൻ കുറുങ്ങോട്ട്, വസന്ത നാറാത്തിടത്തിൽ, ലത തച്ചോത്ത്, പ്രസന്ന തച്ചോണ്ട, സുനിത അടുമാണ്ടി,അനുപ് കുമാർ, രമ കൊട്ടാരത്തിൽ, രവീന്ദ്രൻ ആലങ്കോട്, മുഹമ്മദ് കോയ അരീപ്പുറത്ത്, കുടുംബ ശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.