വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തിനെ ലഹരി മുക്തമാക്കാന്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തും മണിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും എക്‌സൈസ് വകുപ്പും ചേര്‍ന്ന് കാംപയിന്‍ സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് മണിയൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതിക്ക് തുടക്കമാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് ഈ പദ്ധതി. കാംപയിന്‍ കാലയളവില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടൊപ്പം വിവിധ മത്സര പരിപാടികളും രക്ഷിതാക്കള്‍ക്കായി പഠന ക്ലാസുകള്‍, ലഹരി വിരുദ്ധ സദസ്, മുഴുവന്‍ വീടുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘു ലേഖകള്‍ എന്നിവ വിതരണം ചെയ്യും. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും വായന ശാലകളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ സ്‌പോണ്‍സറിങ് ഏജന്‍സി മവാക് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായിട്ടുള്ള പ്രവര്‍ത്തക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മവാക് വര്‍ഷം തോറും ഉന്നത വിജയികള്‍ക്ക് നല്‍കി വരുന്ന അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സാജിദ് ടി.പി, എം.പി അബ്ദുല്‍ റഷീദ് എന്നിവരും പങ്കെടുത്തു.