കോഴിക്കോട്: കോഴിക്കോട് നഗരം വെള്ളത്തിലാണ് നീന്തലറിയാത്തവർ ശ്രദ്ധിക്കുക. കാലവർഷം ശക്തിയായതോടെ നഗരത്തിൽ ഇങ്ങനൊരു ബോർഡ് വെക്കേണ്ട അവസ്ഥയിലാണ് കോർപ്പറേഷൻ. ചെറിയ മഴ പെയ്താൽ തന്നെ വെള്ളക്കെട്ട് രൂക്ഷമാവുന്ന കോഴിക്കോട് നഗരം ഇന്നലെ രാത്രി കലിതുള്ളി പെയ്ത കർക്കടക മഴയോടെ തോണിയിറക്കേണ്ട സാഹചര്യത്തിലാണ്. താഴ്ന്ന പ്രദേശങ്ങൾ മുഴുവനായും വെള്ളത്തിനടിയിലായി. മാവൂർ റോഡിലാണ് പ്രധാനമായും വെള്ളക്കെട്ട്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ മുതൽ അരയിടത്ത്പാലം ജംഗ്ഷൻ വരെയുള്ള അരക്കിലോമീറ്റർ ഭാഗത്ത് വെള്ളംകളിയാണ്. സാധാരണ ദിവസങ്ങളിൽ പോലും ഗതാഗത പ്രശ്നം രൂക്ഷമായ മാവൂർ റോഡിൽ ഇതോടെ ഏറെനേരം ഗതാഗതം സ്തംഭിച്ചു. കാലവർഷത്തിൻെറ തുടക്കത്തിൽ തന്നെ വെള്ളം കയറിയ എൽഐസിയെ കൂടാതെ പാളയം, റെയിൽവേ സ്റ്റേഷൻ റോഡ്, കോർട്ട് റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.
# ഓടകൾ ഒടിയായി
മാവൂർ റോഡിലെ ഇരുഭാഗത്തെയും ഓടകൾ വർഷങ്ങളായി വൃത്തിയാക്കാത്തതാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാൻ പ്രധാന കാരണം. മഴപെയ്തതോടെ ഓട മുങ്ങി മലിനജലം റോഡിലേക്കൊഴുകി. ഒഴുകി പോകാൻ സ്ഥലമില്ലാത്തതിനാൽ റോഡ് മുങ്ങുകയും ചെയ്തു. റോഡിൽ മലിനജലം ഉയർന്ന് ജനം പൊറുതിമുട്ടുമ്പോൾ ഓട നന്നാക്കേണ്ടത് ഞങ്ങളോ നിങ്ങളോ എന്ന തർക്കത്തിലാണ് കോർപ്പറേഷനും പൊതുമരാമത്തും. ഓടകള്‍ മിക്കതും പ്ലാസ്റ്റിക്ക് കവറുകളും മറ്റ് മാലിന്യങ്ങളും കൊണ്ട് അടഞ്ഞുകിടക്കുന്നതിനാൽ മഴ തുടർന്നാൽല്‍ വരുംദിവസങ്ങളിൽ നഗരത്തിലെ മുഴുവൻ റോഡുകളും വെള്ളത്തിനടിയിലാകും. വെള്ളം കയറിക്കഴിഞ്ഞാൽ കുഴികളും റോഡും ഒന്നാകുന്നതിനാൽ വാഹനങ്ങളും കാൽനടയാത്രക്കാരും കുഴിയിൽ വീഴുന്നതും നിത്യ സംഭവമാണ് . വലിയ വാഹനങ്ങള്‍ പോകുന്നതു മൂലം ദേഹത്തേക്ക് ചെളിതെറിക്കുന്നതും തുടര്‍ന്നുള്ള വാക്കേറ്റവും പതിവ് കാഴ്ച്ചയാണ്. റോഡിലെ മലിനജലം അടുത്ത പ്രദേശങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും കയറുന്നത് രോഗഭീഷണിയും ഉയർത്തുന്നു. പൊട്ടിപൊളിഞ്ഞതും സ്ലാബ് ഇല്ലാത്തതുമായി അപകടഭീഷണിയുള്ള നടപ്പാതകളാണ് നഗരത്തില്‍ എല്ലായിടത്തുമുള്ളത്. ഇതിലൂടെയുള്ള യാത്ര അപകടഭീഷണി ഉയര്‍ത്തുന്നതാണ്.
# പാളിപോയ ശാസ്ത്രീയത
ഇതിന് പരിഹാരമായി 2008ല്‍ കോര്‍പ്പറേഷന്‍ സുസ്ഥിര നഗര വികസനപദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ അഴുക്കുചാല്‍ പദ്ധതിയ്ക്ക് രൂപം നല്കിയത്. നഗരത്തിലെ കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണത്തോത് ഉയരുന്ന സാഹചര്യത്തില്‍ വീടുകളുടേയും സ്ഥാപനങ്ങളിലേയും ശുചിമുറികളില്‍ നിന്നുമുള്ള മാലിന്യം പൈപ്പുകളിലൂടെ ശേഖരിച്ച് സംസ്‌ക്കരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നുമായില്ല.