കോഴിക്കോട്:ജില്ലയിൽ പ്രളയാനന്തരം ആരോഗ്യവകുപ്പ് 66029 പേർക്ക് കൗൺസിലിംഗ് നടത്തി. പ്രളയം തകർത്തു കളഞ്ഞ ഇടങ്ങളിലെ മനുഷ്യരുടെ മാനസിക അവസ്ഥയെ പഴയനിലയിലേക്കെത്തിക്കാൻ ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന് സാധിച്ചു. പ്രളയം വ്യക്തികളിൽ ഉണ്ടാക്കുന്ന മാനസിക സാമൂഹിക ആഘാതം മനസ്സിലാക്കുവാൻ 33 പുനരധിവാസ ക്യാമ്പുകളാണ് പരിപാടിയുടെ ഭാഗമായി സന്ദർശിച്ചത്. പ്രളയ ബാധിതർക്ക് അനുയോജ്യമായ രീതിയിൽ പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ആശാവർക്കർമാരും പരിശീലനം നേടിയവരും ജില്ലയിലെ 13556 വീടുകൾ സന്ദർശിക്കുകയും 66029 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.
സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ 55 പേർക്ക് മാനസികമായ ബുദ്ധിമുട്ടുകൾ കണ്ടെത്തുകയും തുടർന്ന് അവർക്ക് ആവശ്യമായ ചികിത്സയും മറ്റും സേവനങ്ങളും വകുപ്പ് ലഭ്യമാക്കുകയും ചെയ്തു. പ്രളയാഘാതം നേരിടേണ്ടി വന്ന കുട്ടികൾക്ക് വേണ്ടി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ മാനസിക ഇടപെടലുകൾ നടത്താനും വകുപ്പിന് സാധിച്ചു.
പ്രളയക്കെടുതിയിൽ പെട്ട് മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക് മാനസിക പിന്തുണയും മറ്റു ചികിത്സാസഹായവും ലഭ്യമാക്കുവാൻ സൈക്കോളജിക്കൽ ഹെൽപ് ലൈൻ സേവനവും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ നടപ്പാക്കി. ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ്, ഇംഹാൻസ്, സാമൂഹ്യനീതി വകുപ്പ്, ദേശിയ ആരോഗ്യ ദൗത്യം എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവൽകരണ പരിപാടികളും സംഘടിപ്പിച്ചു.
ജില്ലാ മാനസികാരോഗ്യ പദ്ധതി സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റേയും ഇംഹാൻസിന്റെയും സഹായത്തോടെ സ്‌കൂൾ കൗൺസിലർ, ആശാവർക്കേഴ്സ് എന്നിവർക്കായി 'പ്രളയദുരന്തം മാനസികാരോഗ്യ ഇടപെടലുകൾ' എന്ന വിഷയത്തിൽ 45 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലായി 629 ആശാവർക്കേഴ്‌സിന് പരിശീലനം നൽകി. അപകടകരമായ മാനസിക നിലയിലേക്കെത്തിയ നിരവധി പേർക്ക് കൈത്താങ്ങാവാൻ ഇത് വഴി സാധിച്ചു. കൂടാതെ പ്രളയത്തിൽ നശിച്ചു പോയ സബ്‌സെന്ററുകളുടെ പ്രവൃത്തിയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 1,57,000 രൂപ ഉപയോഗിച്ചാണ് കുറ്റിക്കടവ് സബ്‌സെന്ററിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ നടത്തിയത്. കഴുക്കല്ലൂർ സബ്‌സെന്ററിൽ 89,000 രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് നടത്തുന്നത്.