രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് ജംഗ്‌ഷന്‌ സമീപം പാലക്കാട്-കോഴിക്കോട് ദേശീയ പാത എയർപോർട്ട് റോഡിലെ വെള്ള കെട്ട് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട കെണിയാവുന്നു. വെള്ള കെട്ടിൽ തന്നെയുള്ള ട്രാൻസ് ഫോർമറാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. ട്രാൻസ്ഫോർമറിലെ പല കേബിളുകളും ഈ വെളളത്തിലാണ് കിടക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ വഴിയാത്രക്കാർക്ക് റോഡരികിലേക്ക് മാറാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ഈ വെള്ളത്തിനടിയിൽ റോഡിലെ ടാറും,മെറ്റലും അടർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ചാടുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ കാഴ്ചയാണ്. രാമനാട്ടുകര ഗവ:ആശുപത്രി, രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ യു.പി.സ്ക്കൂൾ, സേവാമന്ദിരം ഹയർസെക്കൻഡറി വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി ആളുകൾ നിത്യവും സഞ്ചരിക്കുന്ന വഴിയാണിത്. ഇവിടെയുള്ള വെള്ളം ഒഴിഞ്ഞു പോകാൻ സ്ഥലമില്ലാത്തതാണ് ചെറിയ മഴ പെയ്താൽ പോലും തോടുപോലെ വെള്ളം കെട്ടി നിൽക്കാൻ കാരണം. അധികൃതരുടെ അനാസ്ഥ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.