താമരശേരി: പ്രളയത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പകച്ചു നിന്നെങ്കിലും ജനങ്ങള്‍ ഒന്നടങ്കം ദുരന്ത ഭൂമിയില്‍ കൈകോര്‍ത്ത് സ്വയം രക്ഷകരായും മറ്റുള്ളവരുടെ രക്ഷകരായും മാറിയ സ്നേഹത്തിന്റെയും മാനവികതയുടെയും പ്രതീകങ്ങളായി പ്രവര്‍ത്തിക്കാന്‍ കേരള ജനതക്ക് കഴിഞ്ഞുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനകീയം ഈ അതിജീവനം എന്ന സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ദുരന്തത്തിനിരയായി ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസത്തോടെ മടങ്ങാന്‍ കഴിഞ്ഞത്.
വീട് നിര്‍മ്മാണം പൂര്‍ത്തിയായ തിരുവമ്പാടി വില്ലേജിലെ ദേവസ്യ, കദിയുമ്മ, കോടഞ്ചേരി വില്ലേജിലെ അന്നമ്മ കുട്ടപ്പന്‍, കട്ടിപ്പാറ വില്ലേജിലെ നഫീസ, രാരോത്ത് വില്ലേജിലെ ഹംസ പുലിക്കുന്നുമ്മല്‍, കൂടത്തായ് വില്ലേജിലെ ദാക്ഷായണി എറണ്ടോറകുന്ന് എന്നിവര്‍ക്കുള്ള താക്കോല്‍ദാനവും കുമാരനെല്ലൂര്‍ വില്ലേജിലെ കുട്ടപ്പന്‍, പൂളച്ചാലില്‍ ഫാത്തിമ, കപ്പാടന്‍ വേലായുധന്‍ എന്നിവരുടെ ഭൂമിയുടെ രേഖകളും ചടങ്ങില്‍ കൈമാറി.
പ്രളയകാലത്തും പുനര്‍നിര്‍മാണസമയത്തും സ്തുത്യഹര്‍മായ സേവനം നടത്തിയ ജില്ലാ ഫയര്‍ ആൻഡ് റസ്‌ക്യു ടീം, ജില്ലാ സഹകരണ വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, താമരശേരി താലൂക്ക് ടീം, ജെസ്യൂട്ട് പ്രൊവിന്‍സി എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
ചടങ്ങിൽ കാരാട്ട് റസാഖ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മ്മാണത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ രാമകൃഷ്ണന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.