കുന്ദമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കുന്ദമംഗലം പെരിങ്ങളം റോഡിലെ മുപ്രക്കുന്ന് പട്ടികജാതി കോളനിയിലേക്കുള്ള വഴി ഇടിഞ്ഞുവീണു. ഇതോടെ കോളനിക്കാ‌ർക്ക് റോഡിലേക്കിറങ്ങുവാൻ കഴിയാതെയായി. ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്കുള്ള കരിങ്കല്ലുകൊണ്ട് പടവുകൾ നിർമ്മിച്ചിട്ടുള്ള പഴയകാല വഴിയായിരുന്നു ഇത്. വഴിയുടെ ഇടത് ഭാഗത്തുളള സ്ഥലം ഉടമ, വഴി നിലനിർത്തി റോഡിന് സമാന്തരമായി നേരത്തെ മണ്ണിടിച്ച് താഴ്ത്തിയിരുന്നു. അത് കാരണമാണ് ശക്തമായ മഴയിൽ വഴിയുടെ മുകൾഭാഗവും ഇന്നലെ ഇടിഞ്ഞ് വീണത്. മുപ്രക്കുന്ന് പട്ടികജാതി കോളനിയിലേക്കുള്ള വഴി പുനസ്ഥാപിക്കുവാനുള്ള നടപടി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഉടൻ സ്വീകരിക്കണമെന്ന് കേരള വള്ളുവൻ സമുദായ സംഘം ജില്ലാ പ്രസിഡൻറ് കുമാരൻ പടനിലം ആവശ്യപ്പെട്ടു.