കുന്ദമംഗലം: കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് കച്ചവടം നടത്തുന്ന കാരന്തൂർ സ്വദേശി കുഴിമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബുവിനെ (35 ) 1.280 കിലോ ഗ്രാം കഞ്ചാവുമായി കുന്ദമംഗലം പൊലീസും ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ചേർന്ന് പിടികൂടി.

കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ വി ജോർജ്ജിന്റെ നിർദേശപ്രകാരം ആന്റി നാർകോട്ടിക്ക് അസി.കമ്മീഷണർ ഹരിദാസിന്റെ കീഴിലുള്ള ജില്ലാ ആന്റി നാർകോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സ് ജില്ലയിലെ ലഹരി മാഫിയക്കെതിരെ ശക്തമായ അന്വേഷണം നടത്തി വരികയാണ്.

ലോറിയിൽ ഡ്രൈവർ ജോലിക്കായി പോകുമ്പോൾ തമിഴ്‌നാട്ടിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കൊണ്ട് വന്ന് ചെറു പൊതികളാക്കി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി .ശനിയാഴ്ച രാത്രി കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒഴയാടിക്കടുത്ത് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് വാഹനം തിരിച്ച് പോകാൻ ശ്രമിച്ച രഞ്ജിത്തിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് നിയമവിരുദ്ധമായി ബാഗിൽ സൂക്ഷിച്ച 1.280 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.

നാടിന്റെ ഭാവി തലമുറയെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മാഫിയക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇത്തരം മാഫിയയുടെ പ്രവൃത്തനങ്ങൾക്കെതിരെ രക്ഷിതാക്കൾ സദാ ജാഗരൂകരാകണമെന്നും സിറ്റി പൊലീസ് കമ്മീഷണർ .എ.വി ജോർജ് അറിയിച്ചു.

കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എസ് ഐ ശ്രീജിത്ത് ടി.എസ്, എ.എസ്.ഐ അബ്ദുൾ മുനീർ, എ.എസ്.ഐ വേണുഗോപാൽ, ഡ്രൈവർ സി.പി.ഒ സുബീഷ്, ഹോം ഗാർഡ് രാധൻ, ജില്ലാ ആന്റി നിർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് കെ, ജിനേഷ് എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്