ഫറോക്ക് : ദേശ സുരക്ഷയുടെ പേരിൽ രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും ഹനിക്കരുതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ട എൻ.ഐ.എ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ അകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫറോക്ക് ഖാദിസിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കാന്തപുരം. ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുന്നത് ഭീതിയോടെയാണ് ജനാധിപത്യ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവർത്തകരും നോക്കിക്കാണുന്നത്.

കൊളോണിയൽ കാലം തൊട്ടേ ഭീകരനിയമങ്ങൾ പൗരസമൂഹത്തിനെതിരെ ദുഷ്ടലാക്കോടെയാണ് ഉപയോഗിച്ചു വരുന്നത്. നിലവിൽ പ്രാബല്യത്തിലുള്ള യു.എ.പി.എ യും മുമ്പ് നടപ്പിലാക്കിയ ഇത്തരത്തിലുള്ള നിയമങ്ങളും ദുരുപയോഗിക്കപ്പെട്ടതിലൂടെ നിരപരാധികൾ ജയിലിലടയ്ക്കപ്പെടുകയും സാമൂഹികമായി ബഹിഷ്കരിക്കപ്പെടുകയും ചെയ്ത അനുഭവങ്ങൾ മുന്നിലുണ്ട്. ഇത് ആവർത്തിക്കപ്പെടരുത്. നിയമം ദുരുപയോഗിക്കുന്ന അന്വേഷണോദ്യോഗസ്ഥർ ഭരണകൂടത്താൽ സംരക്ഷിക്കപ്പെടുന്നതിന് അറുതിയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.