മുക്കം: കോഴിക്കോട് താലൂക്ക് തഹസിൽദാർ (ഭൂരേഖാവിഭാഗം)അനിതകുമാരിയും കുടുംബവും കയ്യേറി കൈവശപ്പെടുത്തിയിരുന്ന റോഡ് പുറമ്പോക്ക് ഒഴിഞ്ഞു കൊടുത്തു. കയ്യേറി നിർമിച്ച നടവഴിയും കെട്ടിട ഭാഗങ്ങളും സ്വയം പൊളിച്ചു മാറ്റുകയായിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരുടെ വീടിനോട് ചേർന്ന് മൂന്ന് സെന്റോളം ഭൂമി കയ്യേറിയതായി കണ്ടെത്തിയത്. പരിശോധന റിപ്പോർട്ട് ജില്ല കളക്ടർക്ക് കൈമാറുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കാനിരിക്കെയാണ് ഞായറാഴ്ച കയ്യേറ്റം ഒഴിഞ്ഞത്. കയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥ തന്നെ സർക്കാർ ഭൂമി കൈയ്യേറിയതായുള്ള ആക്ഷേപം വിവാദമായിരുന്നു. തഹസിൽദാർ ഭൂമി കയ്യേറിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി രത്നാകരൻ നൽകിയ പരാതിയിൽ നടത്തിയ ആദ്യപരിശോധനയിൽ ഭൂമി കയ്യേറിയിട്ടില്ലെന്നാണ് കണ്ടെത്തിയിരുന്നത്ത്. വീണ്ടും കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി ഇല്ലാതിരുന്നതോടെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജില്ലാ സർവെ സൂപ്രണ്ട് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ സർവെയിലാണ് മൂന്ന് സെന്റ് ഭൂമി കയ്യേറിയതായി കണ്ടെത്തിയത്. മുക്കം - വെസ്റ്റ് മാമ്പറ്റ ബൈപാസിൽ കുറ്റിപ്പാല അങ്ങാടിക്കടുത്താണ് താഹസിൽദാരും കുടുംബവും താമസിക്കുന്ന വീട്.